ആംബുലന്‍സ് നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് അപകടം: യുവാവ് മരിച്ചു, മകള്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: എം.സി.റോഡില്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനു സമീപം ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടം. പരിക്കേറ്റ ബൈക്ക് യാത്രക്കാരന് മരിച്ചു. പിരപ്പന്‍കോട് സ്വദേശി ഷിബു (35) ആണ് മരിച്ചത്. മകള്‍ അലംകൃത (4)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 6.20ഓടെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. രോഗിയുമായി ഇടുക്കിയില്‍ പോയി മടങ്ങിവരുന്നതിനിടെ ബൈക്കില്‍ കൊണ്ടിടിക്കുകയായിരുന്നു. റോഡിന് ഒരു വശത്തേക്ക് ബൈക്ക് നിര്‍ത്തി ഇറങ്ങാനൊരുങ്ങുന്നതിനിടെ ആംബുലന്‍സ് വന്നിടിക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അച്ഛനും മകളും സ്വകാര്യ ലാബില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു വാഹനം നിര്‍ത്തിയ ശേഷം ലാബിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് അപകടം. ഇരുവരെയും ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഷിബുവിന്റെ ജീവന് രക്ഷിക്കാനായില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് യൂണിയനു കീഴിലുള്ള ആംബുലന്‍സ് ആണ് അപകടത്തിനിടയാക്കിയത്.