155 കിലോ കഞ്ചാവുമായി മലപ്പുറത്തെത്തിയത് ആന്ധ്ര പൊലീസിനെ കബളിപ്പിച്ച്;കഞ്ചാവിന്റെ മണം പുറത്തുവരാതിരിക്കാൻ യുവാക്കൾ ചെയ്തത് ആരും പ്രതീക്ഷിക്കാത്ത വഴി
പെരിന്തൽമണ്ണ: മത്സ്യം കൊണ്ടുവരുന്ന ബൊലേറോ പിക്കപ്പ് കണ്ടെയ്നറിലെ രഹസ്യഅറയിൽ ഒളിപ്പിച്ച് വിൽപ്പനയ്ക്കെത്തിച്ച 155 കിലോഗ്രാം കഞ്ചാവുമായി കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കൾ വീട്ടിൽ ഹർഷാദ്(25), തലശ്ശേരി വടക്കുംപാട് സ്വദേശി റിയാ മൻസിലിൽ മുഹമ്മദ് റാഹിൽ(20) എന്നിവർ അറസ്റ്റിൽ. പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി ബൈപ്പാസ് റോഡിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് അറസ്റ്റ്. രഹസ്യഅറയിൽ വലിയ പായ്ക്കറ്റുകളിലാക്കി അടുക്കിവച്ച നിലയിലായിരുന്നു കഞ്ചാവ്.
ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നും മത്സ്യം കൊണ്ടുവരുന്ന കണ്ടെയ്നറുകളിലും മറ്റും ഒളിപ്പിച്ച് വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങളെ കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വിജയവാഡയിൽ വച്ച് ആന്ധ്ര പൊലീസ് വാഹനം പരിശോധിച്ചെങ്കിലും കണ്ടെയ്നറിനകത്തെ രഹസ്യ അറ കണ്ടെത്തിയിരുന്നില്ല. കണ്ടെയ്നറിനുള്ളിൽ പഴകിയ മീനുള്ളതിനാൽ കഞ്ചാവിന്റെ മണം പുറത്ത് വരില്ല. ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളെ രഹസ്യമായി നിരീക്ഷിച്ച് നടത്തിയ അന്വേഷണമാണ് മുഖ്യകണ്ണികളുടെ അറസ്റ്റിൽ കലാശിച്ചത്.
കാസർകോട്, കണ്ണൂർ ഭാഗത്തേക്ക് ഏജന്റുമാർ മുഖേന ഓർഡറനുസരിച്ച് കമ്മിഷൻ വ്യവസ്ഥയിൽ വൻതോതിൽ കഞ്ചാവെത്തിച്ച് രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ച് ആവശ്യാനുസരം വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.സന്തോഷ് കുമാർ, ഇൻസ്പെക്ടർ സി.അലവി, എസ്.ഐ.മുഹമ്മദ് യാസിർ എന്നിവരും ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡും പെരിന്തൽമണ്ണ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.