അമേരിക്കയിൽ ഹിന്ദുഫോബിയയോ ? ഇന്ത്യക്കാരായ ഹിന്ദു സ്ത്രീകളെ തെരഞ്ഞാക്രമിക്കുന്ന അക്രമി പിടിയിൽ
വാഷിംഗ്ടൺ : ഇന്ത്യൻ വംശജരായ ഹിന്ദു സ്ത്രീകൾക്കെതിരായ ഒരു ഡസനിലധികം തവണ ആക്രമണം നടത്തിയ അമേരിക്കൻ പൗരൻ പിടിയിൽ. കാലിഫോർണിയയിസെ ഈസ്റ്റ് പാലോ ആൾട്ടോയിൽ താമസിക്കുന്ന 37 കാരനായ ലതൻ ജോൺസൺ എന്നയാളാണ് പിടിയിലായത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇയാളെ ജയിലിലടച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പതിനാല് ഇന്ത്യൻ വംശജരായ ഹിന്ദു സത്രീകളെയാണ് ഇയാൾ ക്രൂരമായി ഉപദ്രവിച്ചത്.
50 മുതൽ 73 വരെ പ്രായമുള്ള സ്ത്രീകളെയാണ് ഇയാൾ ഉപദ്രവിച്ചത്. പ്രധാനമായും ഇന്ത്യൻ വംശജർ അണിയുന്ന സ്വർണാഭരണങ്ങളിലാണ് ഇയാൾ കണ്ണുവച്ചിരുന്നത്. സ്ത്രീകളുടെ കൈകൾ തിരിച്ച് ഒടിക്കുകയും സ്വർണാഭരണങ്ങൾക്കായി ഇവരുടെ ഭർത്താക്കൻമാരെ മർദ്ദിക്കുകയും ചെയ്തിരുന്നു.
അമേരിക്കയിലും ഇന്ത്യൻ ഹിന്ദുക്കൾ, പ്രത്യേകിച്ച് സ്ത്രീകൾ വിശേഷ ദിവസങ്ങളിലും, ആഘോഷങ്ങളിലും ഇന്ത്യൻ പാരമ്പര്യപ്രകാരം വസ്ത്രങ്ങൾ ധരിക്കുകയും, ആഭരണങ്ങൾ അണിയുകയും ചെയ്യാറുണ്ട്.
അമേരിക്കയിൽ വിദ്വേഷ കുറ്റകൃത്യങ്ങളിലും ഓൺലൈൻ ഹിന്ദുഫോബിയയിലും വർദ്ധനവ് ഉണ്ടാകുന്നതായി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പ്രതിനിധി സമീർ കൽറ അഭിപ്രായപ്പെടുന്നു. ഇത്തരം അക്രമങ്ങളെ വിദ്വേഷ കുറ്റകൃത്യങ്ങളായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തിടെ ഇന്ത്യക്കാരായ മൂന്ന് സ്ത്രീകളോട് അമേരിക്കൻ പൗരത്വമുള്ള സ്ത്രീ മോശമായി സംസാരിക്കുകയും കൈയേറ്റം ചെയ്യാൻ മുതിരുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.