മുഖംമൂടിയ്ക്ക് പിന്നിലെ രഹസ്യം; പുത്തൻ കാഴ്ചാനുഭവമായി റോഷാക്ക്, ആറാടി മമ്മൂട്ടി, റിവ്യൂ
ഹോളിവുഡ് ത്രില്ലർ സിനിമകളോട് കിടപിടിക്കുന്ന ഒരു പക്കാ സൈക്കോളജിക്കൽ ത്രില്ലറെന്ന് ഇന്ന് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക്കിനെ വിശേഷിപ്പിക്കാം. ഒരൊറ്റ വാക്കിൽ പറഞ്ഞുതീർക്കാവുന്നതാണ് സിനിമയുടെ പ്രമേയമെങ്കിലും അതിനെ സംവിധായകൻ അവതരിപ്പിച്ച രീതി തീർത്തും പുതുമയുള്ളതാണ്. ഒറ്റ നോട്ടത്തിൽ ഹൊറർ മൂവിയാണെന്ന് തോന്നാമെങ്കിലും ചിത്രത്തിന്റെ ജോണർ പ്രേക്ഷകർക്ക് തീരുമാനിക്കാം. ചിലർക്കത് ഹൊറർ സിനിമയായും എന്നാൽ മറ്റ് ചിലർക്ക് ഒന്നാന്തരമൊരു സൈക്കോളജിക്കൽ ത്രില്ലറായും തോന്നാം. ആകെ തകർന്നൊരു മനുഷ്യന്റെ മമനസ് സഞ്ചരിക്കുന്ന വഴികളിലൂടെ പ്രേക്ഷകനും സഞ്ചരിക്കുന്നു. മുഖ്യകഥാപാത്രത്തിന്റെ മനസ് സങ്കൽപ്പിക്കുന്നത് സത്യമാണെന്ന് അതുകൊണ്ടുതന്നെ പ്രേക്ഷകനും തോന്നിയേക്കാം. പേരിനോട് നീതി പുലർത്തുന്ന ചിത്രം തന്നെയാണ് റോഷാക്ക്.
ഹോളിവുഡ് ഹൊറർ സിനിമകളിൽ കാണാറുള്ള ഇടയ്ക്കിടെയുള്ള ഞെട്ടിക്കൽ റോഷാക്കിലുമുണ്ട്. കാണികളെ പിടിച്ചിരുത്താൻ സിനിമയ്ക്ക് സാധിക്കും. കഥയുടെ ഒഴുക്ക് എങ്ങോട്ടാണെന്ന് ചിത്രം തുടങ്ങി പകുതി എത്താറാകുമ്പോൾ തന്നെ കാണികൾക്ക് മനസിലാകും. എന്നാൽ ബോറടിപ്പിക്കാതെ സിനിമയിൽ എൻഗേജ്ഡ് ആക്കുന്നതാണ് റോഷാക്കിന്റെ അവതരണം. ഡാർക്ക് ഹ്യൂമറും ചെറിയ രീതിയിലെ മാസ് ഫൈറ്റുകളുമൊക്ക റോഷാക്കിന് രസം കൂട്ടുന്നു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒരു നിഗൂഡത നൽകിയിരിക്കുകയാണ് സംവിധായകൻ. എല്ലാവർക്കും പറയാനും ചെയ്യാനുമുണ്ട് ചിത്രത്തിൽ. വെറുതേ ഒരു കഥാപാത്രത്തെ പ്ളേസ് ചെയ്തിട്ടില്ല.മലയാള സിനിമയിൽ അടുത്തിടെയായി കണ്ടുവരുന്ന പുത്തൻ അവതരണ രീതി റോഷാക്കിലുമുണ്ട്. ഒരു വ്യത്യസ്ത അനുഭവമായിരിക്കും സിനിമ നൽകുക. മമ്മൂട്ടി സിനിമകളിൽ കാണാറുള്ള മാസും കോമഡിയും വൈകാരിക രംഗങ്ങളും ഒക്കെ പ്രതീക്ഷിച്ച് റോഷാക്കിനെ സമീപിക്കാതിരിക്കുക. ചിത്രം പുത്തൻ തലമുറയിലെ കാണികളെ രസിപ്പിക്കുമെന്നുറപ്പാണ്. എക്സ്പിരിമെന്റൽ സിനിമകൾ ഇഷ്ടപ്പെടുന്നവരെ റോഷാക്ക് തൃപ്തിപ്പെടുത്തും.
ഓരോ കഥാപാത്രവും പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ് സിനിമയിൽ. കഥാപാത്രങ്ങളുടെ സ്വഭാവം മാറിമറിഞ്ഞുകൊണ്ടേയിരിക്കും. മമ്മൂട്ടിയെ നായകനെന്നോ വില്ലനെന്നോ വിളിക്കാം. ഒരൊറ്റ ലക്ഷ്യത്തോടെ മമ്മൂട്ടിയുടെ കഥാപാത്രം ഒരു നാട്ടിലെത്തുന്നതോടെ പല ജീവിതങ്ങളാണ് മാറി മറിയുന്നത്. നായകനും നായികയുമൊക്ക വില്ലനും വില്ലത്തിയുമൊക്കയാകുന്നു.സിനിമയുടെ നിഗൂഡതയ്ക്ക് ഇണങ്ങുന്ന ലൊക്കേഷനുകളാണ് റോഷാക്കിൽ മുഴുവനും കാണപ്പെടുക. ബാക്ക്ഗ്രൗണ്ട് സ്കോറും, ഷോട്ടുകളും കളറിംഗും, ആർട്ട് വർക്കുകളും എന്തിനേറെ പറയുന്നു കഥാപാത്രങ്ങളുടെ മേക്ക്അപ്പ് പോലും ചിത്രത്തിന്റെ മൂഡിന് നീതിപുലർത്തുന്നു. വ്യത്യസ്ത ട്രീറ്റ്മെന്റിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ബാക്ക്ഗ്രൗണ്ട് സ്കോർ ഇംഗീഷിലാണ്. അതുതന്നെ ഒരു ഹോളിവുഡ് ടച്ച് ചിത്രത്തിന് നൽകാൻ സഹായിക്കുന്നു. മലയാള സിനിമയിൽ അടുത്തിടെ നിരവധി പരീക്ഷണ ചിത്രങ്ങൾ പുറത്തിറങ്ങുന്നുണ്ട്. ഇത്തരം സിനിമകളുടെ ഭാഗമായി മുതിർന്ന നടൻമാർ കൂടി എത്തുമ്പോൾ മലയാള സിനിമ പുതിയ ട്രാക്കിലൂടെ സഞ്ചരിക്കുന്നു എന്ന് പറയാം.
മമ്മൂട്ടിയെ പുതിയൊരു ലുക്കിൽ ചിത്രത്തിൽ കാണാം. മമ്മൂട്ടി തന്നെ പ്രധാന നായിക കഥാപാത്രമായി നിർദേശിച്ച ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ജഗദീഷ്, ഷറഫുദ്ദീൻ, കോട്ടയം നസീർ, സഞ്ജു ശിവറാം,ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും കഥാപാത്രത്തിന് മികച്ച രീതിയിൽ തന്നെ ജീവൻ നൽകി. വമ്പൻ ട്വിസ്റ്റുകളിലെങ്കിലും ചില വെളിപ്പെടലുകൾ കാണികളെ ഞെട്ടിക്കും. പാസ്റ്റും പ്രസന്റും മാറിമാറിയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.ചിത്രത്തിന് ലാഗ് ഉള്ളതായി ചില പ്രേക്ഷകർക്കെങ്കിലും അനുഭവപ്പെടാം. ചില കാര്യങ്ങൾ മുഴുവൻ പറഞ്ഞുതീർക്കാതെ പകുതിയ്ക്ക് വച്ച് പോകുന്നതുപോലെയും അനുഭവപ്പെടാം. കൃത്യമായ ഒരു കഥയും കഥാസന്ദർഭങ്ങളും ഒഴുക്കും ഇല്ലെന്ന് ചില പ്രേക്ഷകരെങ്കിലും പരാതിപ്പെടാനും ഇടയുണ്ട്. കഥാപാത്രങ്ങളെ വ്യക്തമായി പ്രേക്ഷകർക്ക് മുന്നിൽ പ്ളേസ് ചെയ്യുന്നില്ലെന്നും തോന്നാം. അതുകൊണ്ടുതന്നെ ഓരോ പ്രേക്ഷകർക്കും വെവ്വേറെ അനുഭവമായിരിക്കും റോഷാക്ക് നൽകുക.
കെട്ട്യോൾ ആണെന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമയാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് റോഷാക്ക് നിർമിച്ചിരിക്കുന്നത്. അഡ്വഞ്ചഴ്സ് ഒഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ് റോഷാക്കിന്റെ തിരക്കഥ തയ്യാറാക്കിയത്. മിഥുൻ മുകുന്ദിന്റേതാണ് സംഗീതം.