പരാതികള്‍ നേരിട്ടറിഞ്ഞ് വില്ലേജ് ഓഫീസുകളില്‍ ജില്ലാ കളക്ടറുടെ സന്ദര്‍ശനം
ചെങ്കള, പാടി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു
കാസര്‍കോട്, :ജില്ലയിലെ കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്കുകളിലെ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് താലൂക്കിലെ ചെങ്കള, പാടി വില്ലേജ് ഓഫീസുകള്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സന്ദര്‍ശിച്ചു. വില്ലേജ് ഓഫീസുകളെ സംബന്ധിച്ചുള്ള പരാതികളും നിര്‍ദ്ദേശങ്ങളും നല്കാന് പൊതുജനങ്ങളോട് നേരത്തെ കളക്ടര്‍ അറിയിച്ചിരുന്നു. ചെങ്കള വില്ലേജ് ഓഫീസില്‍ രാവിലെ പത്തിന് എത്തിയ ജില്ലാ കളക്ടര്‍ രേഖകള്‍ പരിശോധിച്ചു. മുട്ടത്തൊടി സ്വദേശിനിക്ക് ഭൂമി പതിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട പരാതി നേരത്തെ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു. അതിദരിദ്ര വിഭാഗത്തില്‍പെട്ട ചെങ്കള വില്ലേജിലെ കിഴക്കേപ്പുറം പ്രദേശത്തുള്ള രണ്ട് കുടുംബങ്ങളെ സന്ദര്‍ശിച്ചു. കുടുംബങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ചെങ്കള വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസറുമായി ചര്‍ച്ച നടത്തി. വില്ലേജ് ഓഫീസിലെ പരിമിതികള്‍ ചോദിച്ചറിഞ്ഞു. വില്ലേജ് ഓഫീസ് പരിസരത്തുള്ള അംഗന്‍വാടിയും കളക്ടര്‍ സന്ദര്‍ശിച്ചു.
ഉച്ചയ്ക്ക് ശേഷം പാടി വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചു. പാടി വില്ലേജ് ഓഫീസിനായി നിര്‍മാണം പുരോഗമിക്കുന്ന പുതിയ കെട്ടിടം സന്ദര്‍ശിച്ചു. പാടി വില്ലേജ് ഓഫീസിലെത്തിയ ശേഷം പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ പരിശോധിച്ചു. വീടില്ലാത്തത് സംബന്ധിച്ച് നെല്ലിക്കട്ട സ്വദേശി പരാതി നല്കി. പാടി വില്ലേജ് ഓഫീസിലെ കാലപ്പഴക്കം ചെന്ന രേഖകള്‍ പരിശോധിച്ചു. പാടി വില്ലേജ് ഓഫീസ് പരിധിയില്‍ അതിദരിദ്ര വിഭാഗത്തില്‍പെട്ട നാറമ്പാടിയിലെ കുടുംബങ്ങളെ കളക്ടര്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ചെര്‍ക്കള -ബദിയടുക്ക റോഡില്‍ എടനീര്‍ മഠത്തിന് സമീപം ഉണ്ടായ വലിയ കുഴി നിരവധി അപകടങ്ങളുണ്ടാക്കുന്നുവെന്ന പരാതി പരിശോധിച്ചു. കുഴി നികത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പി.ഡബ്ല്യൂ.ഡിക്ക് നിര്‍ദേശം നല്‍കുമെന്ന് കളക്ടര്‍ പരാതിക്കാരനെ അറിയിച്ചു. വെള്ളിയാഴ്ച ഉദുമ, ബാരെ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ച് പരാതികള്‍ പരിശോധിക്കും.