വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിച്ചുനീക്കണം; അദാനി ഗ്രൂപ്പിന്റെ ഹർജിയിൽ നിർദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി ലത്തീൻ അതിരൂപത നിർമ്മിച്ച സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. തുറമുഖ നിർമാണ മേഖലയിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിന് മുന്നിലെ സമരപ്പന്തൽ ഉടൻ തന്നെ പൊളിച്ച് നീക്കാൻ സമരസമിതിക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.സമരപ്പന്തൽകാരണം നിർമ്മാണസ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.തുറമുഖ നിർമ്മാണ പ്രവർത്തനങ്ങളെ തടസപ്പെടുത്തരുതെന്ന് കോടതി നേരത്തേ നിർദ്ദേശം നൽകിയിരുന്നു. ഇതിനെത്തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ സമരപ്പന്തൽ കാരണം നിർമ്മാണപ്രവർത്തനങ്ങൾ തടസപ്പെടുന്നുവെന്ന് കാട്ടി അദാനി ഗ്രൂപ്പ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.നേരത്തെ കോടതി നൽകിയ നിർദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും പൊലീസ് നിഷ്ക്രിയത്വം പാലിക്കുകയാണെന്നും ആരോപിച്ച് അദാനി ഗ്രൂപ്പ് കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. ഇതിനെത്തുടർന്ന് കോടതി റിപ്പോർട്ട് തേടിയിരുന്നു. അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ടെങ്കിലും സമരപ്പന്തൽ തുറുഖ നിർമാണത്തിന് തടസമുണ്ടാക്കുന്നുണ്ടെന്ന റിപ്പോർട്ടാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നൽകിയത്.