ലഹരിക്കെതിരെയുള്ള യുദ്ധമുഖത്താണ് ഓരോരുത്തരും- സിഎച്ച് കുഞ്ഞമ്പു എംഎല്‍എ
കാഞ്ഞങ്ങാട് :നമ്മളറിയാതെ തന്നെ നമ്മുടെ ചുറ്റിലും ലഹരിയുടെ വേരുകള്‍ ശക്തിപ്പെടുകയാണെന്നും അതുകൊണ്ടുതന്നെ ലഹരിക്കെതിരെയുള്ള യുദ്ധമുഖത്താണ് നാം ഓരോരുത്തരുമെന്നും സി എച്ച് കുഞ്ഞമ്പു എംഎല്‍എ പറഞ്ഞു.
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പെരിയ പോളി ടെക്നിക്കില്‍ സംഘടിപ്പിച്ച ലഹരി വിമുക്ത ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളെയും വിദ്യാര്‍ത്ഥികളെയുമാണ് മയക്കുമരുന്ന് മാഫിയ ലക്ഷ്യമിടുന്നതെന്നും ഏതൊരു സാഹചര്യത്തിലും സമ്മര്‍ദ്ദത്തിലും അവരുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ നാം ഓരോരുത്തരും സ്വയം പ്രതിജ്ഞ എടുക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു.
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം കേരളം നേടിയെടുത്തിട്ടുള്ള വികസനത്തിനും പുരോഗതിക്കും സാംസ്കാരികമൂല്യങ്ങള്‍ക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുകയാണ്.സ്ത്രീകളിലും കുട്ടികള്‍ക്കിടയിലും ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായി പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് പ്ര്ത്യേകിച്ചും യുവജനങ്ങള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും, കേരള ഗവണ്മെന്റ് സംയുക്തമായി കോളേജുകള്‍ കേന്ദ്രീകരിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥ് ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്തു. പെരിയ പോളിടെക്നിക് പ്രിന്‍സിപ്പാള്‍ പ്രവീണ്‍ കുമാര്‍ വേങ്ങട്ടേരി ലഹരി വിമുക്ത സന്ദേശം നല്കി. സെമിനാറിനു ശേഷം ബാലചന്ദ്രന് കൊട്ടോടിയുടെ മാജിക് ഷോയും സംഘടിപ്പിച്ചു.
സീനിയര്‍ സൂപ്രണ്ട് പി സൈനുദ്ദീന്‍, ഇലക്ട്രോണിക്സ് വിഭാഗം എച്ച് ഓഡി നാരായണ നായ്ക്, കമ്പ്യൂട്ടര്‍ വിഭാഗം എച്ച്ഓഡി സി സ്വര്‍ണ്ണ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ യദു.ആര്.ഗോവിന്ദ് എന്നിവര്‍ സെമിനാറില്‍ പങ്കുചേര്‍ന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് സ്വാഗതവും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എ ഹിമ നന്ദിയും പറഞ്ഞു. സെമിനാറില്‍ 200 ഓളം കുട്ടികള്‍ പങ്കുചേരുകയും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു.