ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സും ലൈക്കും സംബന്ധിച്ച തര്‍ക്കം; ഡല്‍ഹിയില്‍ ഇരട്ടക്കൊലപാതകം
ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമിലെ ലൈക്കിനേയും കമന്റുകളേയും ചൊല്ലിയുള്ള തര്‍ക്കം ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചു. ഡല്‍ഹി ഭല്സ്വാവയില് ബുധനാഴ്ചയാണ് സംഭവം. ഒരു സ്ത്രീയെ കാണാനെത്തിയ സഹില്‍ (18), നിഖില്‍ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സഹിലും സ്ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
തന്റെ വീടിനുടുത്തേക്ക് വരാന്‍ സ്ത്രീ സഹിലിനോട് ആവശ്യപ്പെട്ടിരുന്നു. സഹില്‍ തന്റെ സുഹൃത്ത് നിഖിലിനേയും കൂട്ടിയാണ് എത്തിയത്. അവിടെ വെച്ച് ഇരുവരും അക്രമിക്കപ്പെടുകയായിരുന്നു. അക്രമം നടത്തിയത് സ്ത്രീയുടെ പരിചയക്കാരും ഫോളോവേഴ്സുമാണെന്നാണ് ആരോപണം.
സിനിമാ സ്റ്റൈലിലായിരുന്നു ആക്രമണം. പല തവണ കുത്തേറ്റ ഇവരെ രക്തത്തില്‍ കുളിച്ച അവസ്ഥയിലാണ് ആളുകള്‍ കണ്ടെത്തിയത്. രക്ഷപെടുന്നതിനു മുമ്പ് പ്രതികള്‍ കൈയിലിരുന്ന കത്തി കാട്ടി ആളുകളെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.