വിഷമയമായ ആ മരുന്നുകൾ ഇന്ത്യയിൽ വിറ്റിട്ടില്ലെന്ന് കേന്ദ്രം, റിപ്പോർട്ട് കിട്ടിയാലുടൻ നടപടി
ന്യൂഡൽഹി: ഇന്ത്യൻ നിർമിത ചുമ, ജലദോഷ സംഹാരികൾ കഴിച്ച് ഗാംബിയയിൽ 66 കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അന്വേഷണം പ്രഖ്യാപിച്ചു.
ഹരിയാണയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് സിറപ്പുകൾക്കെതിരേയാണ് അന്വേഷണം. സെപ്റ്റംബർ 29-ന് ഈ സിറപ്പുകളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ.) ഡി.സി.ജി.ഐ.ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് വിശദ അന്വേഷണം ആരംഭിച്ചത്. ഗുരുതര രാസവസ്തുക്കൾ കലർന്ന ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഗാംബിയയിൽ കുട്ടികളുടെ മരണത്തിന് ഇടയാക്കിയതായി സംശയിക്കുന്നെന്ന് ഡബ്ള്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥേനാം ഗബ്രിയേസൂസ് കഴിഞ്ഞദിവസം ട്വീറ്റുചെയ്തിരുന്നു. നാല് മരുന്നുകളിലും വൃക്ക തകരാറിന് കാരണമാകുന്ന ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അമിത അളവിൽ അടങ്ങിയതായി പ്രാഥമിക രാസപരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.
മരുന്നുകളുടെ സാംപിൾ കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ്ഗ് ലാബിലേക്ക് അയച്ചെന്ന് ഹരിയാണ ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു. വീഴ്ച കണ്ടെത്തിയാൽ കമ്പനിക്കെതിരേ കർശന നടപടിയെടുക്കും. ലോകാരോഗ്യസംഘടനയും സാംബിയയും അന്വേഷണം നടത്തുന്നുണ്ട്.
ആ മരുന്ന് ഇന്ത്യയിൽ വിറ്റിട്ടില്ല -കേന്ദ്രം
ഗാംബിയയിൽ കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ഡബ്ള്യു.എച്ച്.ഒ. കുറ്റപ്പെടുത്തിയ സിറപ്പുകൾ ഇന്ത്യയിൽ വിറ്റിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
കയറ്റുമതി ആവശ്യത്തിനുമാത്രമായി ഉത്പാദിപ്പിച്ചവയാണ് ഗാംബിയയിലേക്ക് അയച്ചത്. സാധാരണനിലയ്ക്ക് ഇത്തരം ഔഷധങ്ങളുടെ ഗുണനിലവാരം ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളാണ് ഉപയോഗത്തിനുമുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. ഹരിയാണയിലെ കമ്പനി കയറ്റുമതിചെയ്ത സിറപ്പുകളുടെ സാംപിളുകൾ വിദഗ്ധപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മരണം ഇന്ത്യയിലും
സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. 2021 ഡിസംബറിലാണ് ഡൽഹി സർക്കാർ നടത്തുന്ന മൊഹല്ലാ ക്ലിനിക്കിൽ മൂന്ന് കുട്ടികൾ മരിച്ചത്.
മുതിർന്നവർക്ക് നൽകുന്ന ഡെക്സ്ട്രോമെത്തോർഫൻ എന്ന സിറപ്പ് കുട്ടികൾക്ക് നൽകിയതാണ് മരണകാരണം. 16 കുട്ടികളെയാണ് സിറപ്പ് കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്ന് നിർദേശിച്ച മൂന്ന് ഡോക്ടർമാരെ ഡൽഹി സർക്കാർ പുറത്താക്കിയിരുന്നു. ഈ മരുന്ന് പിൻവലിക്കാനുള്ള നിർദേശവും നൽകിയിരുന്നു.
അന്വേഷണം നടക്കുന്ന സിറപ്പുകൾ
പ്രോമിത്താസിൻ ഓറൽ സൊലൂഷൻ
കൊഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്
മേകോഫ് ബേബി കഫ് സിറപ്പ്
മാഗ്രിപ് എൻ കോൾഡ് സിറപ്പ്