വിസ കിട്ടിയവർ കാത്തിരിക്കണം; ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസൻസ് പ്രിന്റടിക്കാൻ ആർ.ടി.ഒയ്ക്ക് പേപ്പറില്ല
കാക്കനാട്: പ്രിന്റിങ് പേപ്പര്‍ തീര്‍ന്നു. എറണാകുളം ആര്.ടി. ഓഫീസില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് (ഐ.ഡി.പി.) വിതരണം നിലച്ചു. ഓഫീസില്‍ നിലവിലുണ്ടായിരുന്ന പേപ്പര്‍ സ്റ്റോക്ക് തീര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം. എറണാകുളം ആര്.ടി. ഓഫീസില്‍ ഉള്‍പ്പെടെ 500-ഓളം ഐ.ഡി.പി. അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസുകളിലേക്കുള്ള സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത് സി.ഡിറ്റാണ്. എന്നാല്‍, ഇവിടെനിന്ന് കൃത്യമായി പേപ്പര്‍ നല്‍കാത്തതാണ് ക്ഷാമം ഉണ്ടാകാന്‍ ഇടയാക്കിയത്. പേപ്പര്‍ എന്നുവരുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും സി.ഡിറ്റ് അധികൃതര്‍ നല്‍കിയിട്ടില്ല.
വിദേശത്തു പോയാല്‍ അവിടത്തെ ഡ്രൈവിങ് ലൈസന്‍സെടുക്കാതെ ഒരുവര്‍ഷം വരെ വാഹനമോടിക്കാന്‍ അനുമതി കിട്ടുന്നതാണ് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ്. ആര്.ടി.ഒ.മാര്‍ക്കു മാത്രമേ പെര്‍മിറ്റ് നല്കാന് കഴിയൂ. സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സിനൊപ്പം പ്രത്യേക പേപ്പറില്‍ ആര്.ടി. ഓഫീസുകളില്‍ നിന്നാണ് ഇതു നല്‍കുന്നത്. ഈ പേപ്പറുകള്‍ക്കാണ് ഇപ്പോള്‍ ക്ഷാമം. 70-ഓളം അപേക്ഷകളാണ് എറണാകുളം ആര്.ടി. ഓഫീസില്‍ ദിവസേന വരുന്നത്.
അപേക്ഷകരോ, ബന്ധുക്കളോ നേരിട്ടെത്തി രേഖകള്‍ ഹാജരാക്കിയാല്‍ പരമാവധി രണ്ടു ദിവസത്തിനകം പെര്‍മിറ്റ് കിട്ടും. അല്ലാത്തപക്ഷം പോസ്റ്റ് മുഖേനയും അയയ്ക്കുകയാണ് ചെയ്യുക. പേപ്പര്‍ക്ഷാമത്തെ തുടര്‍ന്ന് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് എറണാകുളം ആര്.ടി. ഓഫീസില്‍ നിര്‍ത്തിവെച്ചു. ഇതോടെ ഐ.ഡി.പി. സ്വന്തമാക്കി വിദേശത്തേക്കു പോകാന്‍ കാത്തിരുന്നവരുംവെട്ടിലായി.