കര്‍ശന ശിക്ഷയില്ലാതെ ലഹരിവില്‍പ്പന കുറയില്ല; കേന്ദ്രത്തിനു കേരളത്തിന്റെ കത്ത്
കൊച്ചി: ശിക്ഷ കര്‍ശനമാക്കാതെ ലഹരിവില്‍പ്പന കുറയില്ലെന്ന് വ്യക്തമാക്കി കേന്ദ്രത്തിനു കേരളത്തിന്റെ കത്ത്. 1985 ലെ എന്‍.ഡി.പി.എസ്. ആക്ട് ഭേദഗതി ചെയ്തു ശിക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദ്ദേശമാണു സംസ്ഥാനം മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാന എക്സൈസ് വകുപ്പിന്റെ നിര്‍ദ്ദേശങ്ങളാണു കേന്ദ്രത്തിനു കൈമാറിയത്. 2020 ലാണു എക്സൈസ് വകുപ്പ് നിര്‍ദ്ദേശം സര്‍ക്കാരിനു നല്‍കിയത്. കോവിഡു കാലത്തു ലഹരി വില്‍പ്പനയും കുറ്റകത്യങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു എക്സൈസ് നിദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്.
ഇതിനായി നിലവിലുള്ള സ്ലാബില്‍ മാറ്റംവരുത്തി വില്പ്പനക്കാര്ക്കെല്ലാം ഒരേ ശിക്ഷ നല്‍കണമെന്നാണു പ്രധാന നിര്‍ദ്ദേശം. ഇപ്പോള്‍ മൂന്നു സ്ലാബായി തിരിച്ചാണു ശിക്ഷ കണക്കാക്കുന്നത്. ഇതു ഫലപ്രദമല്ലെന്നാണു എക്സൈസ് വകുപ്പിന്റെ വിലയിരുത്തല്‍.
ഒരു കിലോവരെ കഞ്ചാവ് പിടിച്ചാല്‍, ചെറിയ അളവായി (സ്മോള്‍ ക്വാണ്ടിറ്റി ) കണക്കാക്കി കുറഞ്ഞ ശിക്ഷ മാത്രമാണ്. 10,000 രൂപ പിഴ ഈടാക്കി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയ്ക്കണം. 1-20 കിലോവരെയാണു മീഡിയം ക്വാണ്ടിറ്റി. പത്തു വര്‍ഷം വരെ തടവും മിനിമം ഒരു ലക്ഷം രൂപ വരെയുമാണു ശിക്ഷയെങ്കിലും ഒരു വര്‍ഷത്തിലേറെ ജയിലില്‍ കിടക്കേണ്ടി വരാറില്ല. 20 കിലോ മുതല്‍ കൊമേഴ്സ്യല്‍ ക്വാണ്ടിറ്റിയായി കണക്കാക്കും. 20 വര്‍ഷം വരെ തടവും പത്തു ലക്ഷം രൂപ പിഴയുമാണു ശിക്ഷ. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍, തടവുശിക്ഷ ജീവപര്യന്തം നല്‍കാനും നിലവിലെ നിയമത്തില്‍ വ്യവസ്ഥയുണ്ട്. വളരെ കുറച്ചുപേര്‍ മാത്രമേ ഇതില്പെടാറുള്ളൂ. അപ്പീല്‍ നല്കി പുറത്തിറങ്ങും.
എം.ഡി.എം.എയാണു പിടിക്കുന്നതെങ്കില്‍, രണ്ടു ഗ്രാമാണു മീഡിയം ക്വാണ്ടിറ്റി. 20 ഗ്രാം കൊമേഴ്സ്യല്‍ ക്വാണ്ടിറ്റിയും. ഹാഷിഷ് ഓയിലാകുമ്പോള് ഒരു കിലോ കൊമേഴ്സ്യല്‍ ക്വാണ്ടിറ്റിയായി കണക്കാക്കും. ഇവ കൂടാതെ എല്‍.എസ്.ഡി., പെത്തഡിന്, മോര്‍ഫിന്‍ തുടങ്ങി കൃത്രിമ രാസലഹരികളും പട്ടികയിലുണ്ട്. നിയമം കാലാനുസൃതമായി കര്ശനമാക്കണമെന്നാണു സര്‍ക്കാരിന്റെ ആവശ്യം.
കേന്ദ്ര നിയമം വരുംമുമ്പു ഒരോ സംസ്ഥാനത്തിനും നിയമമുണ്ടായിരുന്നു.1985ല്‍ നിയമം കൊണ്ടുവരുമ്പോള്‍ മയക്കുമരുന്നിന്റെ അളവില്‍ വ്യത്യാസമില്ലാതെ പത്തു വര്‍ഷമായിരുന്നു പിടിയിലാകുന്നവര്‍ക്കെല്ലാം ശിക്ഷ. 2001 ല്‍ ഭേദഗതി വരുത്തിയാണു സ്ലാബ് സമ്പ്രദായം ഏര്‍പ്പെടുത്തിയത്. നേരത്തെ സ്മോള്‍ ക്വാണ്ടിറ്റി ഉണ്ടായിരുന്നില്ല.
അധികം കൊണ്ടു വന്നാലും പുറത്തെടുക്കാതെ സ്മോള്‍ ക്വാണ്ടിറ്റി മാത്രം കൈവശം വച്ചു വില്‍പ്പന നടത്തും. പിടിയിലായാലും വില്പ്പനക്കാരെല്ലാം സ്റ്റേഷന് ജാമ്യത്തില്‍ ചെറിയ പിഴയൊടുക്കി പുറത്തിറങ്ങും. കുറ്റകൃത്യം വര്‍ധിക്കാന്‍ പ്രധാന കാരണം ഇതാണെന്നാണു എക്െസെസിന്റെ വിലയിരുത്തല്‍.
കുറ്റം ആവര്‍ത്തിച്ചാല്‍, സ്മോള്‍ ക്വാണ്ടിറ്റിയാണെങ്കിലും കടുത്ത ശിക്ഷ നല്‍കണമെന്നാണു സംസ്ഥാനത്തിന്റെ മറ്റൊരു ശിപാര്‍ശ. നിലവില്‍ കൊമേഴ്സ്യല്‍ ക്വാണ്ടിറ്റിക്കുമാത്രമാണു കടുത്ത ശിക്ഷയുള്ളത്.
പണം മുടക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടല്‍ കൂടി ശിക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നും ശിപാര്‍ശയുണ്ട്. പുതിയ കൃത്രിമ ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കപ്പെടുന്നതിനാല്‍, അവയെ മയക്കുമരുന്നായി ഡിക്ലയര്‍ ചെയ്യാത്തിടത്തോളം കേസെടുക്കാന്‍ കഴിയില്ല. പിടിയ്ക്കപ്പെടുന്നവര് രക്ഷപെടുകയും ചെയ്യുന്നു. കേന്ദ്രം പരിശോധന നടത്തി നോട്ടിെഫെ ചെയ്തു വരുമ്പോഴേയ്ക്കും വര്‍ഷങ്ങളെടുക്കും. അതിനാല്‍, ലഹരി വസ്തുവായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്ട്രോളര്ക്കു അധികാരം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കേരളത്തിന്റെ ശിപാര്‍ശയില്‍ കേന്ദ്രം നടപടിയെടുത്തിട്ടില്ല.
സംസ്ഥാന നിയമങ്ങളെല്ലാം സമാഹരിച്ചാണു 1985 ല്‍ കേന്ദ്ര നിയമം കൊണ്ടുവന്നത്. ഒപ്പിയം ആക്ട് പോലെ ഒരോ ലഹരി വസ്തുവിനും പ്രത്യേക നിയമമായിരുന്നു. 1985 നുശേഷം ഒപ്പിയം ഉപയോഗം നിര്‍ത്താന്‍ കഴിയാത്തവര്‍ക്കു മാത്രം പ്രത്യേക പെര്‍മിറ്റ് നല്കി ഉപയോഗം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു.
1. നിലവിലെ സ്ലാബ് സമ്പ്രദായം നീക്കണം
2. വില്പനക്കാര്ക്ക് ഒരേ ശിക്ഷ നല്‍കണം
3. പണം മുടക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടണം
4. സംസ്ഥാന ഡ്രഗ് കണ്ട്രോളര്ക്കു അധികാരം നല്‍കണം
5. കുറ്റം ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷ )
* ജെബി പോള്‍