മൃതദേഹങ്ങൾ മാറി; വാരാണസി സ്വദേശിയെ വള്ളികുന്നത്ത് ദഹിപ്പിച്ചു
സൗദിയിൽ മരിച്ച വള്ളികുന്നം സ്വദേശിയുടെയും വാരാണസി സ്വദേശിയുടെയും മൃതദേഹങ്ങൾ തമ്മിൽമാറി. വള്ളികുന്നം കാരാഴ്മ കണിയാൻവയലിൽ ഷാജി രാജന്റെ(49) മൃതദേഹത്തിന് പകരം വീട്ടിലെത്തിച്ച വാരാണസി സ്വദേശി ജാവിദിന്റെ മൃതദേഹം ഇവിടെ സംസ്കരിച്ചു.
തങ്ങൾക്കു ലഭിച്ചത് ജാവിദിന്റെ മൃതദേഹമല്ലെന്നു മനസ്സിലാക്കിയ വീട്ടുകാർ പൊലീസിനെ സമീപിച്ചതോടെയാണ് മൃതദേഹങ്ങൾ മാറിയ വിവരം പുറത്തറിഞ്ഞത്. വാരാണസി ജില്ലാ കലക്ടർ ഇടപെട്ട് കേരളത്തിലേക്ക് അയച്ച ഷാജിയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിച്ച് സംസ്കരിക്കും. അതേസമയം ജാവിദിന്റെ മൃതദേഹം ആളുമാറി ദഹിപ്പിക്കാൻ ഇടയായതിനെതിരെ വീട്ടുകാർ ഇന്ത്യൻ എംബസി വഴി പരാതി നൽകി.
ജൂലൈ 18ന് ആണ് ഷാജി സൗദിയിൽ മരിച്ചത്. കഴിഞ്ഞ 30ന് ഷാജിയുടേതാണെന്ന് കരുതി എത്തിച്ച മൃതദേഹത്തിന് രണ്ടരമാസം പഴക്കമുള്ളതിനാൽ വീട്ടുകാർക്ക് പൂർണമായി ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഷാജിയുടെ പേരിലുള്ള എമിഗ്രേഷൻ ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്പോർട്ട് ഉൾപ്പെടെ രേഖകളും മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു. സംസ്കാരച്ചടങ്ങുകൾ നടത്തിയ ശേഷമാണ് മൃതദേഹം മാറിയ വിവരം തിരുവനന്തപുരം എയർപോർട്ടിൽ മൃതദേഹം എത്തിച്ച ഏജൻസിയുടെ പ്രതിനിധി വിളിച്ച് അറിയിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപി വഴി ബന്ധപ്പെട്ടതിനെ തുടർന്നാണ് ഷാജിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയായത്. ഷാജിയുടെ ഭാര്യ: രാഗിണി. മക്കൾ അനഘ, അപർണ, അനുഷ.