വടക്കഞ്ചേരി അപകടം; ബസ് ഡ്രൈവർ ആശുപത്രിയിൽ നിന്ന് മുങ്ങി,സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
എറണാകുളം: പാലക്കാട് വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ ദാരുണാന്ത്യത്തിന് കാരണമായ അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നു.ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കേസ് ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും. അപകടത്തെക്കുറിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.അതേസമയം, ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടെന്ന് ആരോപണം. ലൂമിനസ് ബസിന്റെ ഡ്രൈവർ ജോമോനാണ് വടക്കഞ്ചേരി ഇ കെ നായനാർ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. ജോജോ പത്രോസ് എന്ന പേരിലാണ് ജോമോൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ഒന്നര മണിക്കൂറിന് ശേഷം ഇയാൾ ആശുപത്രിയിൽ നിന്ന് പോയെന്നാണ് വിവരം. പുലർച്ചെ മൂന്നരയോടെ പൊലീസുകാരാണ് പരിക്കേറ്റ ജോമോനെ ആശുപത്രിയിൽ കൊണ്ടുവന്നത്. ഇയാൾക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല. കൈയിലും കാലിലും ചെറിയ രീതിയിൽ മുറിവേറ്റ ഇയാളുടെ എക്സ് റേ എടുത്തപ്പോൾ പൊട്ടലോ ചതവോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബസിന്റെ ഉടമസ്ഥരാണെന്ന് കരുതുന്നവർക്കൊപ്പമാണ്ഇയാൾ പോയതെന്നാണ് ആശുപത്രി അധികൃതരുടെ സംശയം. നഴ്സുമാർ ചോദിച്ചപ്പോൾ അദ്ധ്യാപകനാണെന്നാണ് ജോമോൻ മറുപടി നൽകിയത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും കണ്ടക്ടറും ആരോപിച്ചിട്ടുള്ളത്. അപകടം നടക്കുന്ന സമയത്ത് 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗതയെന്ന് അതില്‍ നിന്ന് കണ്ടെടുത്ത ജിപിഎസ് രേഖകളും വ്യക്തമാക്കുന്നുണ്ട്.