അടുത്ത സുഹൃത്തുക്കൾ സ്നേഹിച്ചത് ഒരേ പെൺകുട്ടിയെ, ഇൻസ്റ്റാഗ്രാം റീൽസ് എന്നുപറഞ്ഞ് വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്തി
ഗാന്ധിനഗർ: ബി കോം വിദ്യാർത്ഥിയുടെ മൃതദേഹം കെട്ടിടത്തിന്റെ അടിത്തട്ടിൽ നിന്ന് കണ്ടെത്തിയ സംഭവം, കൊലപാതകം ചെയ്തത് അടുത്ത സുഹൃത്തെന്ന് പൊലീസ്. എം എസ് സർവകലാശാല വിദ്യാർത്ഥി ദക്ഷ് പട്ടേലിന്റെ (19) കൊലപാതകത്തിൽ സുഹൃത്തും വിദ്യാർത്ഥിയുമായ പാത്ഥ് കോത്താരി അറസ്റ്റിലായി. ചൊവ്വാഴ്ചയാണ് ദക്ഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാർത്ഥ് ഇന്നലെയാണ് അറസ്റ്റിലായത്.സഹപാഠിയായ വിദ്യാർത്ഥിനിയോട് പാർത്ഥിന് പ്രണയമുണ്ടായിരുന്നു. എന്നാൽ ദക്ഷ് പെൺകുട്ടിയുമായി അടുക്കുകയാണെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മൂവരും ഒരേ ക്ളാസിലായിരുന്നു. വളരെ ആസൂത്രണം ചെയ്താണ് പാർത്ഥ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിഇരുവരും കണ്ടുമുട്ടാൻ തീരുമാനിച്ചതിന് പിന്നാലെ പാർത്ഥ് കത്തിയും കയറും വാങ്ങിവച്ചിരുന്നു. രാത്രി കുടുംബത്തോടൊപ്പം ഗർബയിൽ പങ്കെടുത്തതിന് ശേഷം ദക്ഷ് പാർത്ഥയെ കാണാൻ എത്തി. കുറച്ച് നേരം സംസാരിച്ചതിന് ശേഷം ഒരു ഇൻസ്റ്റാഗ്രാം റീൽ ചെയ്യാമെന്ന് പാർത്ഥ് നിർദേശിച്ചു.തട്ടികൊണ്ടുപോകൽ ആസ്പദമാക്കി റീൽസ് ചെയ്യാമെന്നും ഇൻസ്റ്റാഗ്രാമിൽ കുറേ ലൈക്കുകൾ കിട്ടുമെന്നും പാർത്ഥ് ദക്ഷിനെ വിശ്വസിപ്പിച്ചു. ഒന്നരവർഷമായി സുഹൃത്തുക്കൾ ആയിരുന്നതിനാൽ ദക്ഷിന് സംശയമൊന്നും തോന്നിയില്ല.പിന്നാലെ റീൽസ് ചെയ്യുന്നതിനായി എന്ന വ്യാജേന അലങ്കാർ കോംപ്ളക്സിന്റെ ബേസ്മെന്റിൽ ഇരുട്ട് നിറഞ്ഞ സ്ഥലത്ത് ദക്ഷിനെ എത്തിച്ചു. റീൽസിന് കൂടുതൽ യാഥാർത്ഥ്യം തോന്നുന്നതിനായി കൈകാലുകൾ കെട്ടണമെന്ന് പാർത്ഥ് പറഞ്ഞത് ദക്ഷ് സമ്മതിച്ചു.തുടർന്ന് കൈകാലുകൾ കെട്ടിയതിന് ശേഷം പാർത്ഥ് സുഹൃത്തിനെ നിരവധി തവണ കുത്തികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ എത്തി കിടന്നുറങ്ങിയതിന് ശേഷം പിറ്റേന്ന് സാധാരണ നിലയിൽ പുറത്തിറങ്ങി.രാത്രി ഏറെയായിട്ടും ദക്ഷ് മടങ്ങിവരാതിരുന്നതോടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു. പാർത്ഥുമായി ബന്ധപ്പെട്ടപ്പോൾ ദക്ഷിനെ കണ്ടില്ലെന്നായിരുന്നു പ്രതികരണം. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്നതായി കണ്ടെത്തി. പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ പാർത്ഥ് കുറ്റം സമ്മതിക്കുകയായിരുന്നു.കൊലപാതകത്തിൽ പൊലീസ് തന്നെ സംശയിക്കാതിരിക്കാനും പാർത്ഥ് ഏറെ ശ്രദ്ധിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ കത്തി വിശ്വമിത്രി പുഴയിൽ ഉപേക്ഷിച്ചു. ഏതൊക്കെ രീതിയിൽ രക്ഷപ്പെടാം എന്ന് മനസിലാക്കുന്നതിനായി യുട്യൂബിന്റെ സഹായവും പാർത്ഥ് തേടിയിരുന്നു. കാണാതായ ആളുകളെ പൊലീസ് എങ്ങനെയാണ് തിരയുന്നതെന്നും ഇന്ത്യയിൽ കൊലപാതകത്തിന് ശിക്ഷ എന്താണെന്നും ഒക്കെ പാർത്ഥ് ഇന്റർനെറ്റിൽ പരതിയിരുന്നു. ഫോണിലെ കോൾ റിക്കോർഡ് ഉപയോഗിച്ച് പൊലീസ് എങ്ങനെ ട്രാക്ക് ചെയ്യും, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ാങ്ങനെ ഉപേക്ഷിക്കാം തുടങ്ങിയ കാര്യങ്ങളും പ്രതി ഇന്റർനെറ്റിൽ തിരഞ്ഞു. കൊലപാതകത്തിന് ശേഷം പാർത്ഥ് സുഹൃത്തിന്റെ ഫോൺ കൈക്കലാക്കിയിരുന്നു. ലൊക്കേഷൻ നോക്കി പിടികൂടാതിരിക്കാൻ പാർത്ഥ് ഫോണുമായി നഗരം ചുറ്റി. ശേഷം സിം ഊരിയെടുത്ത് മറ്റൊരിടത്ത് ഉപേക്ഷിച്ചു.എന്നാൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിന് പിന്നാലെ കൊലപാതകത്തിന്റെ കാരണങ്ങളായി പല പല കാര്യങ്ങളാണ് പാർത്ഥ് തുടക്കത്തിൽ പൊലീസിനോട് വെളിപ്പെടുത്തിയത്. സഹോദരിയെക്കുറിച്ച് ദക്ഷ് മോശം കമന്റുകൾ പറഞ്ഞതാണ് കൊലപാതകത്തിന് കാരമമെന്നായിരുന്നു അവയിലൊന്ന്. എന്നാൽ വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിച്ചപ്പോൾ ഇരുവരും ഒരേ പെൺകുട്ടിയെ ഇഷ്ടപ്പെട്ടിരുന്നതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി.