അതിർത്തിയിൽ ഇന്ത്യ-പാക് പതാക യുദ്ധം, കേന്ദ്രം അനുമതി നൽകിയതോടെ പാകിസ്ഥാന് ചുട്ട മറുപടി
ന്യൂഡൽഹി : ഇന്ത്യ പാക് അതിർത്തിയായ അട്ടാരിയിൽ ഇരു രാജ്യങ്ങളും തമ്മിൽ പതാക യുദ്ധം തുടരുന്നു. ഏറ്റവും ഉയരം കൂടിയ പതാക സ്ഥാപിക്കുന്നതിനാണ് ഇരു രാജ്യങ്ങളും തമ്മിൽ മത്സരം തുടരുന്നത്. പാകിസ്ഥാനെ തോൽപ്പിക്കുന്നതിനായി 418 അടി ഉയരത്തിൽ ഇന്ത്യൻ പതാക ഉയർത്താനുള്ള ശ്രമം ഉടൻ ആരംഭിക്കും. ഇതിനായുള്ള കരാർ നടപടികൾ അന്തിമഘട്ടത്തിലാണ്.2017 മാർച്ചിൽ 3.5 കോടി രൂപ ചെലവിലാണ് 360 അടി ഉയരമുള്ള പതാക ഇന്ത്യ അതിർത്തിയിൽ സ്ഥാപിച്ചത്. എന്നാൽ അതേ വർഷം ഓഗസ്റ്റോടെ 400 അടി ഉയരമുള്ള പതാക പാകിസ്ഥാൻ സ്ഥാപിച്ചു. ഇതിന് മറുപടി നൽകാനാണ് ഇന്ത്യയുടെ നീക്കം. പാകിസ്ഥാൻ പതാകയെ അപേക്ഷിച്ച് പുതിയ ത്രിവർണ്ണ പതാകയ്ക്ക് 18 അടി നീളം അധികമുണ്ടാകും. ഇരുപത് ദിവസത്തിനുള്ളിൽ പുതിയ പതാക സ്ഥാപിക്കുന്നതിനുള്ള ജോലികൾ ആരംഭിക്കും.ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാവും പുതിയ പതാക സ്ഥാപിക്കുന്നതിനുള്ള സ്ഥലം നിർണ്ണയിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ജോയിന്റ് ചെക്ക് പോസ്റ്റിന്റെ അടുത്തായുള്ള ഗ്യാലറിക്ക് സമീപമാവും ഇത്. ഇവിടെ എത്തുന്ന സന്ദർശകർക്കും വ്യക്തമായി പതാക കാണാൻ ഇതിലൂടെ കഴിയും. ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ആയിരങ്ങളാണ് ദിവസവും ഇവിടേയ്ക്ക് എത്തുന്നത്.പുതിയ പതാക സ്ഥാപിക്കുമെങ്കിലും നിലവിലെ പതാക മാറ്റാൻ പദ്ധതിയില്ല. പാകിസ്ഥാൻ പതാകയേക്കാൾ ചെറുതായി തോന്നുന്ന ഇന്ത്യൻ ദേശീയ പതാകയുടെ ഉയരം വർദ്ധിപ്പിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നതായി ഒരു ബി എസ് എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ രാജ്യത്ത് ഏറ്റവും ഉയരമുള്ള കൊടിമരമുള്ളത് കർണാടകയിലെ കോട്ട് കേരെയിലുള്ള ബെലഗാവി കോട്ടയിലാണ്.
361 അടിയാണ് ഉയരം.