പലരുടെയും കൈകാലുകൾ അറ്റുപോയ നിലയിലായിരുന്നു, സഹായിക്കാൻ ആരും തയാറായില്ല; ഒടുവിൽ ആശുപത്രിയിൽ എത്തിച്ചത് കള്ളുവണ്ടിയിൽ
പാലക്കാട്: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയിലെന്ന് ദൃക്സാക്ഷി. ‘അപകടത്തിൽ നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. ഒരാളുടെ കൈ അറ്റുപോയ നിലയിലായിരുന്നു. മറ്റൊരാളുടെ കാലും അറ്റുപോയി. റോഡിലാണ് സീറ്റോടുകൂടി ഇവയെല്ലാം കിടന്നിരുന്നത്. ചിറ്റൂരിലെ കള്ളുവണ്ടിയിലാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. കള്ളുവണ്ടിക്കാർ മാത്രമേ അപ്പോൾ നിർത്തിയുള്ളൂ. മറ്റുള്ളവർ നിർത്താതെ പോയി. കള്ളുവണ്ടിയുടെ പുറകിൽ കിടത്തിയാണ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. എല്ലാവരും ഗുരുതരാവസ്ഥയിലാണ്.’- ദൃക്സാക്ഷി പറഞ്ഞു.വടക്കഞ്ചേരിയിൽ കെ എസ് ആർ ടി സി ബസിന് പിന്നിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയ അപകടത്തിൽ ഒമ്പത് ജീവനാണ് പൊലിഞ്ഞത്. അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അമിത വേഗമാണ് അപകടകാരണം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിന്റെ പിന്നില് ടൂറിസ്റ്റ് ബസ് ഇടിച്ചത്.അർദ്ധരാത്രി 12.30 ഓടെയാണ് സംഭവം. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പുറകിലിടിച്ചശേഷം തലകീഴായി മറിയുകയായിരുന്നു. ഇടിച്ചശേഷം നിരങ്ങി നീങ്ങി ചതുപ്പിലേക്ക് മറിയുകയായിരുന്നു. കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് അപകടം ഉണ്ടായത്. ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുക്കാൻ ഉള്ള ശ്രമം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്. ചിലർക്ക് അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു . കെഎസ്ആർടിസിയിലെ യാത്രക്കാർ പലരും റോഡിൽ തെറിച്ചുവീണ നിലയിൽ ആയിരുന്നു.ആറു പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് മരിച്ചത്. ഏഴുപേരുടെ നില ഗുരുതരമാണ്. അമ്പതിലറെപേർക്ക് പരിക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂൾ ജീവനക്കാരായ നാൻസി ജോർജ്, വി.കെ.വിഷ്ണു എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ആശങ്കയുണ്ട്.