ബൈക്കിൽ കറങ്ങി നടന്ന് കാണിക്കവഞ്ചി മോഷ്ടിക്കും, യുവതിയെയും ഇരുപത്തിമൂന്നുകാരനെയും കുടുക്കി പൊലീസ്
കോട്ടയം: ബൈക്കിൽ കറങ്ങിനടന്ന് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി മോഷ്ടിക്കുന്ന യുവതിയും യുവാവും അറസ്റ്റിൽ. കൃഷ്ണപുരം കാപ്പിൽമേക്ക് മുറിയിൽ ആഞ്ഞിലിമൂട്ടിൽ കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് അൻവർഷാ (23), കാർത്തികപ്പള്ളി കൃഷ്ണപുരം വില്ലേജിൽ പള്ളികണക്ക് മുറിയിൽ ചാലക്കൽ കോളനിയിൽ ശിവജി ഭവനം വീട്ടിൽ സരിത (28) എന്നിവരാണ് അറസ്റ്റിലായത്.പ്രതികൾ ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്നു.സംഭവത്തിന് പിന്നാലെ ക്ഷേത്രം ഭാരവാഹികൾ പരാതി നൽകി. തുടർന്ന് വൈക്കം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏറ്റുമാനൂരിൽ നിന്ന് ഇരുവരെയും പിടികൂടിയത്. യുവതിയും യുവാവും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.സരിതയും അൻവർ ഷായും മൂന്ന് വർഷത്തോളമായി ഒരുമിച്ചാണ് താമസം. ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്നതായിരുന്നു പതിവ്. ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കില്ലായിരുന്നു. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപത്തായി മുറിയെടുത്ത് താമസിക്കുകയും മോഷണ ശേഷം കടന്നുകളയുകയും ചെയ്യുന്നതായിരുന്നു രീതി. കായംകുളം, കുമളി, കട്ടപ്പന, കരുനാഗപ്പള്ളി, പെരുവന്താനം സ്റ്റേഷനുകളിലും ഇവർക്കെതിരെ നിരവധി മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.