ട്രാക്കിലിരുന്നു സംസാരിച്ചുകൊണ്ടിരുന്ന മൂന്ന് സുഹൃത്തുക്കൾ ട്രെയിനിടിച്ച് മരിച്ചു, ശരീരഭാഗങ്ങൾ ചിന്നിച്ചിതറി
ഭോപ്പാൽ : അവധി ദിവസം റെയിൽവേ ട്രാക്കിലിരുന്നു സംസാരിച്ചുകൊണ്ടിരുന്ന മൂന്ന് പേർ ട്രെയിനിടിച്ച് മരിച്ചു. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവമുണ്ടായത്. ധല്ലി ബറോഡ സ്വദേശിയായ ധർമ്മേന്ദ്ര യാദവ്(26),ജമുനിയ ജയ്സിനഗർ സ്വദേശി സഞ്ജു ഘോഷി(30), ബദൗന സ്വദേശി പപ്പു യാദവ്(28) എന്നിവരാണ് മരിച്ച യുവാക്കൾ.ട്രെയിൻ വരുന്നത് കണ്ടെങ്കിലും മൂവരും എഴുന്നേറ്റില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മറ്റൊരു പാളത്തിലൂടെയാണ് ട്രെയിൻ പോകുന്നതെന്ന് കരുതിയാവും ഇവർ മാറാതിരുന്നത്. അതിവേഗത്തിൽ പാഞ്ഞെത്തിയ ഹിരാകുഡ് എക്സ്പ്രസ് ട്രെയിനാണ് യുവാക്കളുടെ ജീവനെടുത്തത്. സാധാരണയായി ട്രെയിനുകൾ സഞ്ചരിക്കാത്ത ട്രാക്കിലായിരുന്നു യുവാക്കൾ ഇരുന്നത്. ഇതിനാലാവാം ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഇവർ മാറാതെ സംഭാഷണത്തിൽ മുഴുകിയത്. മൂന്ന് ട്രാക്കുകളാണ് ഇവിടെയുള്ളത്. അപകടത്തിൽ യുവാക്കളുടെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. ധർമ്മേന്ദ്രയും സഞ്ജുവും തൽക്ഷണം മരിച്ചു. യാദവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.