മുഖ്യമന്ത്രിയുടെ വിദേശ യാത്രയെപ്പറ്റി രേഖാമൂലം അറിയിച്ചില്ല, ഗവർണറോട് പറഞ്ഞത് ഇന്നലെ കണ്ണൂരിൽവച്ച്; രാജ്ഭവന് അതൃപ്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിൽ രാജ്ഭവന് അതൃപ്തി. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നുമാണ് വിമർശനം.കോടിയേരി ബാലകൃഷ്ണന് അന്ത്യാജ്ഞലി അർപ്പിക്കാൻ ഇന്നലെ കണ്ണൂരിൽ എത്തിയപ്പോൾ മാത്രമാണ് യാത്രയെക്കുറിച്ച് ഗവർണറെ അറിയിച്ചത്. യാത്രാ വിവരങ്ങൾ രേഖാമൂലം അറിയിക്കേണ്ടതുണ്ടെന്ന് രാജ്ഭവൻ പ്രതികരിച്ചു.നെടുമ്പാശ്ശേരിയിൽ നിന്ന് ഇന്ന് പുലർച്ചെ 3.55നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ടത്. നോർവേയുടെ തലസ്ഥാനമായ ഒസ്ലോയിലേക്കാണ് മുഖ്യമന്ത്രി പോയത്. തുടർന്ന് ഇംഗ്ലണ്ടും വെയിൽസും സന്ദർശിക്കും.കേരളത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ് യാത്ര.ഭാര്യ കമലയും മന്ത്രിമാരായ പി രാജീവും വി അബ്ദു റഹ്മാനും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഈ മാസം ഒന്നിനായിരുന്നു യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.