ഞങ്ങൾക്ക് ഇതിൽ പങ്കില്ല! ആദിപുരുഷ് ടീസറിന് ട്രോൾ മഴ, പിന്നാലെ വിശദീകരണവുമായി പ്രമുഖ വി എഫ് എക്സ് കമ്പനി
ബാഹുബലിയുടെ വമ്പൻ വിജയത്തിന് ശേഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാൽ വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ടീസർ ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസർ കാർട്ടൂൺ പോലെയുണ്ടെന്നും കൊച്ചുടിവിൽ ഇറക്കേണ്ടതാണെന്നും പോഗോ ചാനലിനാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് പകർപ്പാവകാശം വിറ്റ് പോയതെന്നും ഒക്കെയാണ് കൂടുതൽ ട്രോളുകളും. ആദിപുരുഷിന്റെ ബഡ്ജറ്റ് അഞ്ഞൂറുകോടിയാണെന്നതും പരിഹാസത്തിന് കാരണമാവുകയാണ്. ഇതിനിടെ സിനിമയുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തകൾക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള വി എഫ് എക്സ് കമ്പനിയായ എൻ വൈ വി എഫ് എക്സ് വാല.ആദിപുരുഷിന്റെ വി എഫ് എക്സ് തങ്ങൾ ചെയ്തിട്ടില്ലെന്നും ചെയ്യുന്നില്ലെന്നുമാണ് എൻ വൈ വി എഫ് എക്സ് വാലയുടെ വിശദീകരണം. മാദ്ധ്യമങ്ങൾ ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതിനാലാണ് വിശദീകരണം നൽകുന്നതെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
രാമായണത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ പ്രഭാസ് ശ്രീരാമന്റെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത് എന്ന വാർത്ത പുറത്ത് വന്നത് മുതൽ ആരാധകർ ചിത്രത്തിനായി വലിയ പ്രതീക്ഷ തന്നെ വെച്ച് പുലർത്തിയിരുന്നു. എന്നാൽ സിനിമയുടെ ടീസർ പുറത്ത് വന്നതോടെ ആ പ്രതീക്ഷകൾക്ക് വലിയ രീതിയിൽ തന്നെ കോട്ടം തട്ടിയെന്നാണ് വിലയിരുത്തൽ.പ്രഭാസും സെയ്ഫ് അലി ഖാനും കൃതി സനോണും അടക്കം മികച്ച താരനിര തന്നെയുള്ള ചിത്രത്തിന്റെ ടീസർ റിലീസ് അയോദ്ധ്യയിലെ സരയൂ നദിക്കരയിൽ വെച്ചാണ് നടന്നത്. പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ ടീസറിനെ കളിയാക്കി കൊണ്ടുള്ള പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറയുകയായിരുന്നു.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ടീസറിൽ മോശം വി എഫ് എക്സുള്ളത് എന്ന അഭിപ്രായവും ചിലർ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിന് തയ്യാറാകുന്ന ആദിപുരുഷിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് ഓം റാവോത്ത് ആണ്. ഐമാക്സ് 3ഡി ഫോര്മാറ്റിൽ കണ്ട് ആസ്വദിക്കാവുന്ന തരത്തിൽ ടി സിരീസും റെട്രോഫൈല്സും സംയുക്തമായി നിർമിച്ചിരിക്കുന്ന ചിത്രം ജനുവരി 12നാണ് തിയേറ്ററുകളിലെത്തുക.