ടെന്‍ഷന്‍ 90%, ദുഃഖം 99%; ജമ്മു കശ്മീര്‍ ഡി.ജി.പിയുടെ കൊലയാളിയെന്ന് കരുതുന്നയാളുടെ ഡയറി
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജയില്‍ ഡി.ജി.പി. ഹേമന്ത് കുമാര്‍ ലോഹിയയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരന് യാസിര്‍ അഹമ്മദിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. തിങ്കളാഴ്ച രാത്രിയാണ് ലോഹിയയെ ജമ്മുവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്കര്‍ ഇ തൊയ്ബയുടെ ഇന്ത്യന്‍ ശാഖയായ പി.എ.എഫ്.എഫ്. രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം യാസിറിന്റെ സ്വകാര്യ ഡയറി പോലീസ് കണ്ടെടുത്തു. വിഷാദപൂര്‍ണമായ മാനസികാവസ്ഥയും മരണത്തോട് അഭിനിവേശവും പ്രകടിപ്പിക്കുന്നതാണ് ഡയറിയിലെ എഴുത്തുകളെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. പ്രിയപ്പെട്ട മരണമേ, എന്റെ ജീവിതത്തിലേക്ക് വരൂ എന്നാണ് ഒരു താളില്‍ എഴുതിയിരിക്കുന്നത്. മറ്റൊരു താളില്‍ ആകട്ടെ, എന്നോട് ക്ഷമിക്കൂ. എനിക്ക് മോശം ദിവസവും ആഴ്ചയും മാസവും വര്‍ഷവും ജീവിതവുമാണ് എന്നാണ് എഴുതിയിരിക്കുന്നത്. യാസിറിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം ഇതുവരെ ഭീകരബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ഹിന്ദിയിലുള്ള പാട്ടുകളും യാസിറിന്റെ ഡയറിയിലുണ്ട്. ഭുലാ ദേനാ മുച്ഛേ (എന്നെ മറക്കൂ ) എന്ന പാട്ടാണ് അതിലൊന്ന്. ചെറുവാക്യങ്ങളും കുറിപ്പുകളാണ് മറ്റുതാളുകളില്‍ ഉള്ളത്. എന്റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു, ജീവിതം വെറും ദുഃഖമാണ് എന്നിങ്ങനെയും എഴുതിയിട്ടുണ്ട്. മെ ലൈഫ് 1 % എന്നെഴുതിയ ഫോണ്‍ ബാറ്ററിയുടെ ചിത്രവും വരച്ചിട്ടുണ്ട്. ലവ് 0%, ടെന്‍ഷന്‍ 90%, ദുഃഖം 99%, കപടമായചിരി 100% എന്നും ഡയറയില്‍ എഴുതിയിട്ടുണ്ട്.
ഇപ്പോള്‍ നയിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തില്‍ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ ഭാവിയില്‍ എന്ത് സംഭവിച്ചേക്കും എന്നതാണ് പ്രശ്നമെന്ന് തീയതി ചേര്‍ക്കാത്ത ഒരു കുറിപ്പില്‍ പറയുന്നു. രാംബാണ്‍ സ്വദേശിയായ യാസിര്‍, ലോഹിയയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചിട്ട് ആറുമാസം ആയെന്നാണ് വിവരം. യാസിറിന്റേത് അക്രമാസക്തമായ പെരുമാറ്റം ആയിരുന്നെന്നും വിഷാദത്തിന് കീഴ്പ്പെട്ടിരുന്നെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. യാസിറിന്റെ ഫോട്ടോ പുറത്തുവിട്ട പോലീസ്, എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.