ജപ്പാന് മുകളിലൂടെ മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ, കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ തൊടുത്തത് അഞ്ച് മിസൈലുകൾ
ടോക്യോ : അഞ്ച് വർഷത്തിനിടെ ആദ്യമായി ജപ്പാന് മുകളിലൂടെ മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തിൽ പതിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഉത്തര കൊറിയ നടത്തിയ അഞ്ചാമത്തെ മിസൈൽ പരീക്ഷണമാണ് ഇത്. പ്രാദേശിക അമേരിക്കൻ സഖ്യകക്ഷികളെ ആക്രമിക്കാനായി ഉത്തര കൊറിയ രൂപകൽപ്പന ചെയ്ത ആയുധങ്ങളാണ് കുറച്ച് ദിവസമായി പരീക്ഷിക്കുന്നത്. ഈ വർഷം ഉത്തരകൊറിയ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട മിസൈൽ പരീക്ഷണമാണ് ഇന്ന് നടന്നത്.
യു എസ് പ്രദേശമായ ഗുവാമിൽ എത്താൻ ശേഷിയുള്ള ഹ്വാസോങ് 12 ഇന്റർ മീഡിയറ്റ് റേഞ്ച് മിസൈലാണ് വിക്ഷേപിച്ചത്. ഉത്തരകൊറിയയുടെ പ്രകോപനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ജപ്പാനും ദക്ഷിണ കൊറിയയും അടിയന്തര സുരക്ഷാ യോഗങ്ങൾ വിളിച്ചു.ഉത്തര കൊറിയയുടെ മിസൈൽ ജപ്പാന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തിൽ പതിച്ചതായി ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് വടക്കുകിഴക്കൻ പ്രദേശങ്ങളിലെ ആളുകളെ താത്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റി. ഹൊക്കൈഡോ, അമോറി മേഖലകളിൽ ട്രെയിനുകളും താത്കാലികമായി നിർത്തി വച്ചു. മിസൈൽ സമുദ്രത്തിൽ പതിച്ചതിനാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിന് മുൻപ് 2017ലാണ് ജപ്പാന് മുകളിലൂടെ ഹ്വാസോങ്12 മിസൈൽ ഉത്തര കൊറിയ തൊടുത്തത്.കഴിഞ്ഞ ദിവസങ്ങളിൽ ഉത്തര കൊറിയ തൊടുത്തുവിട്ട മിസൈലുകൾ ഹ്രസ്വദൂരമുള്ളവയായിരുന്നു. കൊറിയൻ പെനിൻസുലയ്ക്കും ജപ്പാനും ഇടയിലുള്ള സമുദ്ര ഭാഗത്താണ് ഇവ പതിച്ചത്. ഈ വർഷം ഇതുവരെ 40 മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചു.