സംസ്ഥാനത്ത് 873 പൊലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധം, സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം
തിരുവനന്തപുരം: കേരള പൊലീസിൽ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുമായി ബന്ധമുള്ളവരുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി ( എൻ ഐ എ) റിപ്പോർട്ട്. സംസ്ഥാനത്തെ 873 പൊലീസുകാർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് ഡി ജി പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ അടക്കമുള്ളവരാണ് പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് ചുമതല വഹിക്കുന്നവരുമാണിവർ.
873 പൊലീസ് ഉദ്യോഗസ്ഥരും എൻ ഐ എയുടെ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ഇവർ പൊലീസ് സേനയുടെ നീക്കങ്ങൾ പി എഫ് ഐക്ക് ചോർത്തിക്കൊടുത്തെന്നും ദേശീയ അന്വേഷണ ഏജൻസി ആരോപിക്കുന്നു.
തൊടുപുഴയിലെ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ആർ എസ് എസ് നേതാക്കളുടെ വിവരങ്ങൾ പി എഫ് ഐയ്ക്ക് ചോർത്തിക്കൊടുത്ത സംഭവത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ സിവിൽ പൊലീസ് ഓഫിസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കൂടാതെ മൂന്നാർ പൊലീസ് സ്റ്റേഷനിലും സമാനമായ സംഭവം ഉണ്ടായിരുന്നു. എ എസ് എ ഉൾപ്പടെ മൂന്ന് പേരെ സ്ഥലം മാറ്റിയിരുന്നു.