ജമ്മു കാശ്മീർ ജയിൽ ഡിജിപി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ, വീട്ടുജോലിക്കാരൻ ഒളിവിൽ
ശ്രീനഗർ : ജമ്മു കാശ്മീർ ജയിൽ വകുപ്പ് ഡിജിപി ഹേമന്ത് കുമാർ ലോഹ്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജമ്മുവിലെ വസതിയിലാണ് അദ്ദേഹത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. വീട് പുതുക്കിപ്പണിയുന്നതിനാൽ ഹേമന്ത് കുമാർ ലോഹ്യ സ്വന്തം കുടുംബത്തോടൊപ്പം സുഹൃത്ത് രാജീവ് ഖജൂരിയയുടെ വീട്ടിലായിരുന്നു താമസം. ഡിജിപിയുടെ വീട്ടുജോലിക്കാരൻ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയെ ഓഗസ്റ്റിലാണ് ജയിൽ ഡി ജി പിയായി നിയമിച്ചത്. ജമ്മുവിന്റെ പ്രാന്തപ്രദേശത്തുള്ള ഉദയ്വാല വസതിയിൽ വച്ചാണ് ക്രൂര കൃത്യം നടന്നത്. ലോഹ്യയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കണ്ടെത്തി. പരിശോധനയിൽ ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) മുകേഷ് സിംഗ് പറഞ്ഞു.