സ്പോൺസർ ഇല്ലെങ്കിലും ഇനി യു എ ഇയിൽ ജോലി നേടാം, ടൂറിസ്റ്റ് വിസയുടെ കാലാവധിയും നീട്ടി
അബുദാബി: യു എ ഇയിൽ പുതിയ വിസ ചട്ടങ്ങൾ നിലവിൽ വന്നു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച മാറ്റങ്ങൾ ഇന്നലെ മുതലാണ്
പ്രാബല്യത്തിൽ വന്നത്. വിനോദസഞ്ചാരികൾക്കും യു എ ഇയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഗുണകരമായ
മാറ്റങ്ങളാണ് ഇമിഗ്രേഷൻ നിയമത്തിൽ പ്രാവർത്തികമാക്കിയത്. പത്ത് വർഷം നീളുന്ന ഗോൾഡൻ വിസ പദ്ധതി,
തൊളിലാളികൾക്ക് അഞ്ച് വർഷത്തെ ഗ്രീൻ റെസിഡൻസി, സന്ദർശകർക്ക് 90 ദിവസം വരെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന
പുതിയ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ എന്നിവയാണ് പുതിയ വിസ ചട്ടത്തിൽ പ്രധാനപ്പെട്ടവ.
പുതിയ വിസ ചട്ടങ്ങൾ
യു എ ഇ പൗരന്റെയോ തൊഴിലുടമയുടെയോ സഹായം തേടാതെ തന്നെ സ്വന്തമായി സ്പോൺസർ
ചെയ്യാൻ വിദേശികളെ അഞ്ച് വർഷത്തെ ഗ്രീൻ വിസ അനുവദിക്കും. ഫ്രീലാൻസർമാർ, വിദഗ്ദ്ധ
തൊഴിലാളികൾ, നിക്ഷേപകർ എന്നിവർക്ക് ഈ വിസയ്ക്ക് അർഹതയുണ്ടായിരിക്കും.ഗ്രീൻ വിസ ഉള്ളവർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാൻ സാധിക്കും.
ഗ്രീൻ വിസയുടെ കാലാവധി കഴിഞ്ഞവർക്ക് അധികമായി ആറ് മാസത്തെ ഇളവ് കൂടി നൽകും.
നിക്ഷേപകർ, സംരംഭകർ, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർ തുടങ്ങിയവർക്ക്
ഗോൾഡൻ വിസ കാലാവധി പത്ത് വർഷമായി നീട്ടും.ഗോൾഡൻ വിസ ഉള്ളവർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും മക്കളെയും സ്പോൺസർ ചെയ്യാൻ
സാധിക്കും.ഗോൾഡൻ വിസയുള്ളയാൾ മരണപ്പെട്ടാലും വിസ കാലാവധി കഴിയുന്നതുവരെ ഇയാളുടെ
കുടുംബാംഗങ്ങൾക്ക് യു എ ഇയിൽ താമസിക്കാൻ സാധിക്കും.ഗോൾഡൻ വിസയുള്ളവർക്ക് യു എ ഇയിലെ തങ്ങളുടെ ബിസിനസിൻമേൽ പൂർണ അധികാരം ഉണ്ടായിരിക്കും.
ടൂറിസ്റ്റ് വിസയുള്ളവർക്ക് 60 ദിവസം വരെ രാജ്യത്ത് തങ്ങാം.
അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ പ്രകാരം തുടർച്ചയായി 90 ദിവസം വരെ സന്ദർശകർക്ക് യു എ ഇയിൽ താമസിക്കാം
സ്പോൺസർ ഇല്ലാതെ തന്നെ ജോബ് എക്സ്പ്ളോറേഷൻ വിസ പ്രകാരം യു എ ഇയിൽ തൊഴിൽ തേടാൻ സാധിക്കും
30 ദിവസം, 90 ദിവസം എന്നിങ്ങനെയായിരുന്നു രാജ്യത്തെ സന്ദർശക കാലാവധി. പുതിയ ചട്ടങ്ങൾ നിലവിൽ വന്നതോടെ യു എ ഇയിൽ തൊഴിൽ അവസരങ്ങളും പഠന സാദ്ധ്യതയും വർദ്ധിക്കും. മാത്രമല്ല രാജ്യത്തെ ടൂറിസം മേഖലയിലും വലിയ മുന്നേറ്റമുണ്ടാവും. കൂടുതൽ പേരെ യു എ ഇയിലേയ്ക്ക് ആകർഷിക്കണമെന്ന ഉദ്ദേശത്തോടെയാണ് വിസ ചട്ടങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നത്.