തിരുവനന്തപുരം: ഭരണഘടനാ സംരക്ഷണം ഉയർത്തി എൽഡിഎഫ് ഇന്ന് കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യശൃംഘല തീർക്കും. എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് സിപിഎം അവകാശവാദം. പൗരത്വവിഷയത്തിലൂന്നിയുള്ള കേന്ദ്രവിരുദ്ധ ശൃംഖലയിൽ യുഡിഎഫ് അണികളെയും എൽഡിഎഫ് സ്വാഗതം ചെയ്യുന്നു.
കളിയിക്കാവിള മുതൽ കാസർകോട് വരെ ജനങ്ങളെ കണ്ണിചേർത്ത് കേന്ദ്രസർക്കാരിന് ശക്തമായ താക്കീത് നൽകാനൊരുങ്ങുകയാണ് ഇടതുമുന്നണി. ഗവർണ്ണറുമായി ഏറ്റുമുട്ടൽ തുടരുമ്പോഴും രാജ്ഭവന് മുന്നിൽ ശൃംഖല എത്തില്ല. കാസർകോട് എസ് രാമചന്ദ്രൻ പിള്ള മനുഷ്യശൃംഘലയിലെ ആദ്യ കണ്ണിയാകും. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ പിണറായി വിജയനും കാനം രാജേന്ദ്രനും ശൃംഖലയിൽ കണ്ണിചേരും കളിയിക്കാവിളയിൽ എംഎ ബേബി ശൃംഖലയിൽ അവസാന കണ്ണിയാകും. ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നാണ് സിപിഎം ആഹ്വാനം.
കേന്ദ്രവിരുദ്ധ സമരങ്ങളിൽ ആദ്യം മുഖ്യമന്ത്രിയുമായി കൈകോർത്ത യുഡിഎഫ് മനുഷ്യ ശൃംഘയെ എതിർക്കുന്നു.സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോണ്ഗ്രസ് വിമർശനം. വലിയ അളവിൽ ലീഗ് അണികളെ സിപിഎം ലക്ഷ്യമിടുമ്പോൾ ശൃംഖലയോട് പരസ്യമായ നിസഹകരണം ലീഗ് നേതൃത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. കേന്ദ്രവിരുദ്ധ നിലപാടുകൾ മുഖ്യമന്ത്രി ശക്തമാക്കുമ്പോൾ ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തം സിപിഎം പ്രതീക്ഷിക്കുന്നു. ഒപ്പം ഭൂരിപക്ഷ സമുദായങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ മതസംഘടനകൾ തിരിച്ചും എൽഡിഎഫ് ക്ഷണമുണ്ട്. ഭരണഘടനയുടെ ആമുഖം വായിച്ചതിന് ശേഷം നാല് മണിക്ക് എൽഡിഎഫ് ദേശീയപാതയിൽ മനുഷ്യശൃംഖല തീർക്കും.