പുറത്തിറങ്ങുക രാത്രികാലങ്ങളിൽ മാത്രം, കാലിന്റെ തള്ളിവിരലിലൂന്നി മതിലിലൂടെ ഓടാനുള്ള കഴിവ്; പൊലീസിനോട് പ്രതികാരം തീർക്കാൻ ‘കക്കാനിറിങ്ങുന്ന’ മരിയാർ പൂതം പിടിയിൽ
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതം( ജോൺസൺ) പിടിയിൽ. എറണാകുളം നോർത്ത് പൊലീസ് ഇന്ന് പുലർച്ചെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയ മരിയാർ പൂതത്തെ നാട്ടുകാരാണ് പൊലീസിനെ ഏൽപ്പിച്ചത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് വീട്ടുടമസ്ഥന് പരിക്കേറ്റു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി മരിയാർ പൂതം എറണാകുളം നോർത്ത് പൊലീസിന് തലവേദനയാണ്. ഓരോ തവണ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിക്കഴിഞ്ഞാൽ, പൊലീസിനോട് പ്രതികാരം തീർക്കാൻ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷ്ടിക്കാനിറങ്ങും. അതിനാൽത്തന്നെ ഇയാൾ ജയിലിൽ നിന്നിറങ്ങുമ്പോൾ പൊലീസ് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകും.രാത്രികാലങ്ങളിൽ മാത്രമാണ് പ്രതി പുറത്തിറങ്ങുക. ചെരുപ്പ് ഉപയോഗിക്കാറില്ല. കാലിന്റെ തള്ളവിരലിൽ ഊന്നി മതിലിലൂടെ ഓടി രക്ഷപ്പെടാനുള്ള കഴിവുണ്ട്. മോഷണം നടത്തിക്കഴിഞ്ഞാൽ പണവുമായി ട്രെയിനിൽ കയറി രക്ഷപ്പെടും. അത് തീർന്നാൽ വീണ്ടും മോഷ്ടിക്കാനെത്തും. 2018ൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ കഴിഞ്ഞ ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്.സ്ത്രീകൾ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളിൽ മോഷ്ടിക്കാൻ കയറി അവരെ ഉപദ്രവിക്കുന്നത് ഇയാളുടെ ഹോബിയാണ്. കമ്പിപ്പാരയോ വെട്ടുകത്തിയോ കൈയിൽ കരുതിയാണ് മോഷ്ടിക്കാനിറങ്ങുക. 2012ൽ മോഷണക്കേസിൽ ഇയാളുടെ ഭാര്യയേയും പൊലീസ് പിടികൂടിയിരുന്നു.