കഞ്ചാവ് ലഹരിയിൽ യുവാക്കളുടെ കൊടുംക്രൂരത, ശിവഭഗവാന് ബലിയായി ആറുവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി
ന്യൂഡൽഹി: മയക്കുമരുന്നിന്റെ ലഹരിയിൽ യുവാക്കൾ ചേർന്ന് ആറ് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശിവഭഗവാന് കുട്ടിയെ ബലി നൽകുകയായിരുന്നു എന്നാണ് യുവാക്കളുടെ മൊഴി. ഡൽഹിയിലെ ലോധി കോളനിയിലെ നിർമാണ സ്ഥലത്ത് ശനിയാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകത്തിൽ പ്രതികളായ വിജയ്, അമർ എന്നിവർ അറസ്റ്റിലായി.അശോക് കുമാറിന്റെ മകൻ ധർമേന്ദർ ആണ് ക്രൂരകൊലപാതകത്തിന് ഇരയായത്. അത്താഴത്തിന് ശേഷം തൊഴിലാളികളുടെ കുടുംബത്തിലെ സ്ത്രീകൾ ചേർന്ന് നിർമാണ സ്ഥലത്തിരുന്ന് ഭജന നടത്തുകയായിരുന്നു. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ ദമ്പതികൾ കുട്ടിയെ തിരയാൻ ആരംഭിച്ചു. സമീപത്തെ ചേരിയിലെ ഒരു കുടിലിന് മുന്നിലായി രക്തം കണ്ട പിതാവ് കതക് തള്ളിതുറന്നപ്പോൾ രണ്ട് യുവാക്കളെയും കുട്ടിയുടെ മൃതദേഹവും കണ്ടുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.പ്രതികൾ ഇരുവരും കുറ്റസമ്മതം നടത്തി. കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം ഇരുവരും ഭജന നടക്കുന്ന സ്ഥലത്തേയ്ക്ക് ചെന്നതായി മൊഴിയിൽ പറയുന്നു. പിന്നാലെ യുവാക്കൾ സ്ത്രീകളോട് സാമ്പ്രാണി തിരി ചോദിച്ചെങ്കിലും നൽകിയില്ല. തിരികെ പോകുന്നതിനിടെ ശിവ ഭഗവാൻ നരബലി ആവശ്യപ്പെട്ടതായി തോന്നിയെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തി. കുട്ടിയെ ഒറ്റയ്ക്ക് കണ്ട പ്രതികൾ കുടിലിലേയ്ക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.വിവരം ലഭിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ മൃതദേഹവുമായി നിർമാണ സ്ഥലത്തിരുന്ന് കരയുന്ന മാതാപിതാക്കളെയാണ് കണ്ടത്. കുഞ്ഞിന്റെ തലയിലും കഴുത്തിലും ഗുരുതര മുറിവുകൾ ഉണ്ടായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.