സി. ദിവാകരനെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: സിപിഐയില്‍ പ്രായപരിധി നിബന്ധന നടപ്പാക്കി. സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ സി. ദിവാകരന്റെ പേരില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ദേശീയ നേതൃത്വം ഇടപെട്ടതോടെ മത്സരത്തിനുള്ള സാധ്യത കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നേരത്തെ 75 വയസ് പ്രായപരിധിയെ ചോദ്യംചെയ്ത് സി. ദിവാകരനടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രായപരിധി നിബന്ധന സംബന്ധിച്ചുള്ള മാര്‍ഗരേഖ ദേശീയ കൗണ്‍സില്‍ തീരുമാനിച്ചതാണെന്ന് അസി. സെക്രട്ടറി കെ. പ്രകാശ് ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രായപരിധി നിബന്ധന സംബന്ധിച്ചുള്ള മാര്‍ഗരേഖ കേരളത്തില്‍ അതു നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.ഐ. സംസ്ഥാന കൗണ്‍സിലിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരം ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. മൂന്നാംതവണയും സെക്രട്ടറിയാകാനുള്ള കാനം രാജേന്ദ്രന്റെ നീക്കത്തിന് തടയിടാനാണ് മറുപക്ഷം ശ്രമിച്ചത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ കെ. പ്രകാശ് ബാബുവിനെ മുന്‍നിര്‍ത്തിയായിരുന്നു നീക്കങ്ങള്‍.എന്നാല്‍ ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം ഇടപെട്ടതോടെ മത്സരം ഒഴിവായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.