കറുത്ത കണ്ണട ധരിച്ച് ഗാന്ധിജിയുടെ രൂപത്തിൽ മഹിഷാസുരൻ, ദുർഗാ വിഗ്രഹത്തിലെ മൂർത്തീരൂപം വിവാദത്തിൽ
കൊൽക്കത്ത: വിജയദശമിയോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദുർഗാപൂജയിൽ ദുർഗാവിഗ്രഹത്തിൽ മഹിഷാസുരന് പകരമായി മഹാത്മാഗാന്ധി. കൊൽക്കത്തയിൽ അഖില ഭാരതീയ ഹിന്ദു മഹാസഭ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ഗാന്ധിജയന്തി ദിനത്തിൽ പറ്റിയ പിഴവ് വലിയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംഘാടകർ ഗാന്ധിരൂപം പ്രതിമയിൽ നിന്ന് മാറ്റി.അതേസമയം, മഹാത്മാ ഗാന്ധിയെ യഥാർത്ഥ അസുരനായാണ് തങ്ങൾ കാണുന്നതെന്നും അതിനാലാണ് വിഗ്രഹത്തിൽ അത്തരമൊരു മാറ്റം ചെയ്തതെന്നും ഹിന്ദു മഹാസഭ പശ്ചിമ ബംഗാൾ ഘടകം അദ്ധ്യക്ഷൻ ചന്ദ്രചൂർ ഗോസ്വാമി ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.കേന്ദ്ര സർക്കാർ ഗാന്ധിയെക്കുറിച്ച് പ്രചാരണം നടത്തുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് മൂർത്തിയിൽ മാറ്റം വരുത്തിയത്. മഹാത്മാഗാന്ധിയെ ഒഴിവാക്കി സുഭാഷ് ചന്ദ്ര ബോസിനെപ്പോലുള്ള സ്വാതന്ത്ര്യ സമരസേനാനികളെ മുന്നോട്ടുകൊണ്ടുവരണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും ഗോസ്വാമി വ്യക്തമാക്കി.സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്, പ്രതിപക്ഷ പാർട്ടികളായ ബിജെപി, സിപിഎം, കോൺഗ്രസ് എന്നിവരും സംഭവത്തെ അപലപിച്ചു. പ്രവൃത്തി രാഷ്ട്രപിതാവിനെ അപമാനിക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞു. ഇത് എല്ലാ ഇന്ത്യൻ പൗരൻമാർക്കും അപമാനമാണ്. ഇതിനെക്കുറിച്ച് ബിജെപി എന്ത് പ്രതികരണമാണ് നൽകാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.മൂന്ന് ലോകവും അടക്കിവാണ അസുരചക്രവർത്തിയായി ഹൈന്ദവ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന അസുരനാണ് മഹിഷാസുരൻ. ദുർഗാദേവി മഹിഷാസുരനെ വധിച്ച ദിവസമാണ് വിജയദശമിയായി ആചരിക്കപ്പെടുന്നത്. എല്ലാ വർഷവും വിജയദശമി ആഘോഷങ്ങൾക്ക് ഒരു പ്രമേയം തിരഞ്ഞെടുക്കാറുണ്ട്. സമൂഹിക വിപത്തിനെ പ്രതിനിധീകരിക്കുന്ന രൂപങ്ങളെയാണ് മിക്കപ്പോഴും മഹിഷാസുരന് മാതൃകയായി വിഗ്രഹങ്ങളിൽ നൽകുന്നത്.