ഡോളര്‍ക്കടത്ത്: ഒന്നാംപ്രതിയും തൊണ്ടിമുതലുമില്ല; ഇതോ കുറ്റപത്രം
കൊച്ചി: ഡോളര്‍ക്കടത്തു കേസില്‍ കസ്റ്റംസ് പ്രിവന്റീവ് സമര്‍പ്പിച്ചത് ‘തട്ടിക്കൂട്ട്’ കുറ്റപത്രം. കള്ളക്കടത്തു കേസ് നിലനില്‍ക്കണമെങ്കില്‍ത്തന്നെ ഒന്നാം പ്രതിയായ ഈജിപ്തുകാരനും അയാള്‍ കടത്തിക്കൊണ്ടുപോയ 1.90 ലക്ഷം യു.എസ്. ഡോളര്‍ എന്ന തൊണ്ടിമുതലും വേണം. ഇതേക്കുറിച്ച് കുറ്റപത്രത്തില്‍ കസ്റ്റംസിന് ‘മൗനമാണ്’. നയതന്ത്ര പരിരക്ഷപോലുമില്ലാത്ത സാധാരണ പൗരനായ ഒന്നാംപ്രതിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതുപോയിട്ട് ചോദ്യംചെയ്യാന്‍പോലും കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണവും വിശദീകരിച്ചിട്ടില്ല.
കൂട്ടുപ്രതികളായ സ്വപ്നയും പി.എസ്. സരിത്തിന്റെയും മൊഴികളാണ് ആകെയുള്ള ‘തെളിവ്’. കുറ്റപത്രത്തില്‍പ്പോലും ഈജിപ്തുകാരന്റെ വിലാസം തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റാണ്!
തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിനിടയിലാണ് യു.എ.ഇ. കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് കേരളത്തില്‍നിന്നും വന്‍തോതില്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് മൊഴികള്‍ ലഭിക്കുന്നത്. സ്വപ്നയുടെയും സരിത്തിന്റെയും മൊഴിപ്രകാരം കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റും ഈജിപ്തുകാരനുമായ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.90 ലക്ഷം യു.എസ്. ഡോളര്‍ (1.30 കോടി രൂപ) ഈജിപ്തിലേക്ക് കടത്തി. 2019 ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കയ്റോയിലേക്കുള്ള യാത്രയിലായിരുന്നു ഡോളര്‍ക്കടത്ത്. മൂന്ന് ഹാന്‍ഡ് ബാഗേജുകളിലായിരുന്നു ഡോളറുകള്‍ സൂക്ഷിച്ചിരുന്നത്. വിമാനത്താവളത്തിലെ പരിശോധനയില്‍ ഇതുപിടിക്കപ്പെട്ടില്ലെന്നാണ് മൊഴി. സരിത്തും സ്വപ്നയും മസ്ക്കറ്റ്വരെ ഒപ്പമുണ്ടായിരുന്നു.
കള്ളക്കടത്തിന് 100 ഡോളറിന്റെ കറന്‍സികളാണ് ഉപയോഗിച്ചതെന്ന് കരുതിയാലും നൂറെണ്ണം വീതമുള്ള 19 കെട്ടുകള്‍ വരും. മൂന്ന് ബാഗുകളിലായി ഇത് കൊണ്ടുപോയി എന്നത് വിശ്വസനീയമായ മൊഴിയായി കരുതിയാലും മസ്ക്കറ്റില്‍ ജംബോ സിഗരറ്റ് പായ്ക്കറ്റിലേക്ക് ഇവ മാറ്റിയെന്നും വിമാനത്താവള പരിശോധനയില്‍ പിടിക്കപ്പെട്ടില്ലെന്നുമുള്ള മൊഴി വിശ്വസനീയമല്ല.
മസ്ക്കറ്റ് വിമാനത്താവളത്തിലെയും ഡ്യൂട്ടിഫ്രീ ഷോപ്പിലെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചാല്‍ വാസ്തവം തിരിച്ചറിയും. അത്തരമൊരു ശ്രമം കസ്റ്റംസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കറന്‍സി കടത്തിയതിന് കയ്റോ, കുവൈത്ത് വിമാനത്താവളങ്ങളില്‍ ഖാലിദ് പിടിക്കപ്പെട്ടിട്ടുണ്ടെന്ന മൊഴിയും കുറ്റപത്രത്തിലുണ്ട്. പക്ഷേ, ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടില്ല.
ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2017 ജൂണ്‍ 22-ന് കേന്ദ്രവിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച രേഖയില്‍ ഖാലിദനും കുടുംബത്തിനും നയതന്ത്രപരിരക്ഷയില്ലെന്ന് വ്യക്തമാക്കുന്നു. ഡോളര്‍ക്കടത്ത് എന്തുകൊണ്ട് കണ്ടുപിടിച്ചില്ലെന്നത് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്., കസ്റ്റംസ് ഉദ്യോഗസ്ഥരോട് ചോദിക്കേണ്ടതുണ്ട്.