കോടിയേരിക്ക് കണ്ണീരോടെ വിട നൽകി ജന്മനാട്, മൃതദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു; അന്ത്യോപചാരമർപ്പിക്കാൻ യെച്ചൂരിയടക്കമുള്ള നേതാക്കളെത്തി
കണ്ണൂർ: സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വീട്ടിൽ നിന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. ആയിരക്കണക്കിനാളുകളാണ് വീട്ടിലെത്തി കോടിയേരിക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചത്. പതിനൊന്ന് മണിയോടെയാണ് മൃതദേഹം വിലാപയാത്രയായി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയത്.
സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, എം എ ബേബി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയിട്ടുണ്ട്. കോടിയേരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ കമ്മിറ്റി ഓഫിസിലെത്തും. ഇവിടെ രണ്ട് മണിവരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.ശേഷം മൃതദേഹം സംസ്കരിക്കാനായി പയ്യാമ്പലം കടപ്പുറത്തേക്ക് കൊണ്ടുപോകും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിയുടെ അന്ത്യനിദ്ര. സി പി എം കേന്ദ്ര നേതാക്കളടക്കം ചടങ്ങിൽ പങ്കെടുക്കും. സംസ്കാരത്തിന് ശേഷം അനുശോചന യോഗവും നടക്കും.