പ്രണയത്തിന് വീട്ടുകാർ സമ്മതിച്ചില്ല, പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി; അന്വേഷിച്ചെത്തിയ വീട്ടുകാർ യുവാവിനെ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് തള്ളിയിട്ടു
പട്ന: പെൺകുട്ടിയുടെ കാമുകനെ ബന്ധുക്കൾ ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുന്നിലേക്ക് തള്ളിയിട്ടുകൊന്നു. ബീഹാറിലെ മുസാഫർ നഗറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ റൗഷൻ കുമാറാണ് കൊല്ലപ്പെട്ടത്.അകന്ന ബന്ധുവായ പെൺകുട്ടിയുമായി റോഷൻ ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. പ്രണയം വീട്ടുകാർ എതിർത്തു. ഒടുവിൽ ഇരുവരും ഗ്രാമത്തിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ ബന്ധുക്കൾ ഇവരെ അന്വേഷിച്ചെത്തി.ബന്ധുക്കൾ അനുനയിപ്പിച്ചാണ് റോഷനെയും പെൺകുട്ടിയേയും തിരികെ കൊണ്ടുവന്നത്. വാഹനം ഗ്രാമത്തിലെത്തിയപ്പോൾ റോഷനോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടർന്ന് യുവാവിനെ രണ്ട് ബന്ധുക്കൾ സമീപത്തെ തിരക്കുള്ള ജംഗ്ഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നു.