42കാരനായ കാമുകനുമായി പിണങ്ങിയാൽ 14കാരി അപ്പോൾ കൈ ഞരമ്പ് മുറിക്കും, പാലായിലെ എട്ടാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത് 18 തവണ
പാലാ : പതിനാല് വയസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത് 18 തവണ!. സ്കൂളിലെ സോഷ്യൽ ദിനത്തിൽ ബാത്ത് റൂമിൽ അടിച്ചുഫിറ്റായി കൗമാരക്കാരികൾ. ഒറ്റ ദിവസത്തെ ടൂറിന് പോയ കാമുകിയെ കാണാത്തതിന്റെ വിഷമത്തിൽ പതിനാലുകാരൻ കൈ ഞരമ്പ് മുറിച്ചു.ജില്ലയിലെ ഏതാനും സ്കൂൾ കുട്ടികൾ അടുത്തിടെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിൽ കാണിച്ചുകൂട്ടിയതാണ് ഞെട്ടിക്കുന്ന ഈ സംഭവങ്ങൾ.പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി മിഷൻ ഡിഅഡിക്ഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കറും മുൻ കോളേജ് അദ്ധ്യാപികയുമായ ആശാ മരിയ പോളിന്റെ വെളിപ്പെടുത്തലുകളാണിത്.പാലാ നഗരസഭയും വിമുക്തിമിഷനും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രബോധന സെമിനാറിലാണ് അവർ ഇക്കാര്യങ്ങൾ വിവരിച്ചത്. ”പാലായ്ക്കടുത്തുള്ള ഒരു സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി. കുട്ടിയുടെ കാമുകനാകട്ടെ 42 വയസും! കാമുകനുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയാൽ അപ്പോഴേ ആത്മഹത്യാ പ്രവണത കാണിക്കുകയാണ് പെൺകുട്ടി. 15 തവണയാണ് കൈ ഞരമ്പ് മുറിച്ചത്. മൂന്ന് തവണ വാഹനങ്ങൾക്ക് മുന്നിൽ ചാടി. ജീവൻ രക്ഷപെട്ടത് ആയുസിന്റെ ബലംകൊണ്ട് മാത്രം. ഇത്തരത്തിൽ വഴിതെറ്റിയ നിരവധി കൗമാരക്കാരാണ് വിമുക്തി മിഷനിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നതെന്ന് ആശാ മരിയാ പോൾ പറഞ്ഞു. സമ്മേളനം പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു.