ഡിറ്റക്ടീവ് കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയും ഭർത്താവും ഉൾപ്പടെ നാല് പേർ കഞ്ചാവുമായി പിടിയിൽ
അരൂർ: കഞ്ചാവുമായി ദമ്പതികളുൾപ്പടെ 4 പേർ പിടിയിൽ. എറണാകുളം വൈറ്റില പുതാനപ്പള്ളി നിഖിൽ (28), ഭാര്യ നീന (32), ചന്തിരൂർ പുതുപ്പള്ളിയിൽ അഫ്സൽ (38), ഫോർട്ടുകൊച്ചി റഫീന മൻസിലിൽ സക്കീർ (32) എന്നിവരെയാണ് അരൂർ കെൽട്രോൺ കമ്പനിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി അരൂർ പൊലീസ് പിടികൂടിയത്.ആറ് പായ്ക്കറ്റുകളിലായി 47ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് ഉപഭോഗവും വില്പനയും നടത്തിയിരുന്ന ഇവരെക്കുറിച്ച് ജനജാഗ്രത സമിതി നൽകിയ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. നീന ഒരു സ്വകാര്യ രഹസ്യാന്വേഷണ ഏജൻസിയിലെ ജീവനക്കാരിയാണ്. മറ്റ് മൂന്നു പേരും നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.