ബസിൽ കയറിയവരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു; ഒരു ചുക്കും ചെയ്യാനാവില്ലെന്നും യാത്രക്കാരോട് വിളിച്ചുപറഞ്ഞ് വനിതാ കണ്ടക്ടർ
തിരുവനന്തപുരം: പാർക്ക് ചെയ്തിരുന്ന ബസിൽ കയറിയ യാത്രക്കാരുടെ നേരെ തട്ടിക്കയറി അസഭ്യവർഷം നടത്തി കെഎസ്ആർടിസി വനിതാ കണ്ടക്ടർ. തിരുവനന്തപുരം ചിറയിൻകീഴാണ് സംഭവം. ബസിലിരുന്ന യാത്രക്കാരോട് കടുത്ത അസഭ്യം പറഞ്ഞ ശേഷം കണ്ടക്ടർ അവരോട് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. തനിക്ക് കഴിക്കാനിരിക്കാനുളള സീറ്റാണെന്ന് പറഞ്ഞ് വനിതാ യാത്രക്കാരോടാണ് ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടറായ ഇവർ ദേഷ്യപ്പെട്ടത്. യാത്രക്കാർ മാറാത്തതിനെ തുടർന്ന് ഇവരോട് മോശം ഭാഷയിൽ സംസാരിക്കുകയായിരുന്നു.ബസിൽ നിന്നിറങ്ങിയ യാത്രക്കാർ ഇവരുമായി തർക്കിച്ചതോടെ എന്ത് വേണമെങ്കിലും ചെയ്യാനും തന്നെ ഒരു ചുക്കും ചെയ്യാനാവില്ലെന്നും കണ്ടക്ടർ വിളിച്ചുപറഞ്ഞു. യാത്രക്കാരിലൊരാൾ സംഭവം പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഉച്ചയൂണിന്റെ സമയത്താണ് സംഭവമുണ്ടായത്.