ആകെ മൊത്തം പിരിമുറക്കം: സിപിഐ സംസ്ഥാന സമ്മേളനം തുടങ്ങി, കാനം മത്സരം നേരിടുമോ എന്നതിൽ ആകാംക്ഷ
തിരുവനന്തപുരം: നേതാക്കൾക്കിടയിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസവും വിമതസ്വരവും നിലനിൽക്കെ സിപിഐ സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. പ്രായപരിധി , പദവി തർക്കങ്ങൾ നിലനിൽക്കെ പതാക ഉയർത്താൻ വൈകിയെത്തിയാണ് സി ദിവാകരൻ പ്രതിഷേധമറിയിച്ചത്. കാലഘട്ടം ആവശ്യപ്പെടുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യമാണെന്ന് ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമിട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ദീപശിഖ തെളിയിച്ചതിന് പിന്നാലെ നേതാക്കളെല്ലാം കൊടിമരച്ചുവട്ടിലേക്ക് നീങ്ങി. എന്നാൽ പലവട്ടം വിളിച്ചിട്ടും പതാക ഉയർത്തേണ്ട സി ദിവാകരനെത്തിയില്ല. ഒടുവിൽ നേതാക്കൾ നേരിട്ട് പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നു. അസാധാരണമായ ഈ കാഴ്ചയോടെയാണ് സിപിഐ സമ്മേളനം തിരുവനന്തപുരത്ത് ആരംഭിച്ചത്. രാഷ്ട്രീയ ചരിത്രത്തിലെ അസാധാരണ സമ്മേളനമെന്ന സി ദിവാകരൻ്റെ ആമുഖത്തോടെയാണ് പ്രതിനിധി സമ്മേളനത്തിൽ പതാക ഉയർന്നതും.
വിമത സ്വരമടക്കാൻ പാർട്ടി എക്സിക്യൂട്ടീവ് പണിപ്പെട്ടിട്ടും സമ്മേളനത്തിന് എത്തിയ മുതിര്‍ന്ന നേതാക്കളുടെ മുഖത്തെല്ലാം പിരിമുറുക്കം പ്രകടമായിരുന്നു. പ്രായപരിധി തീരുമാനത്തിലും കാനം രാജേന്ദ്രന്റെ മൂന്നാം ഊഴത്തിലും ചൂടേറിയ ചർച്ചകൾക്കുള്ള സൂചന നൽകിയാണ് കെഇ ഇസ്മയിലിന്റയും സി ദിവാകരന്റും പ്രതികരണം.
കമ്യൂണിസ്റ്റ് പാർട്ടികളുടെ ലയനത്തിൽ തത്വാധിഷ്ഠിത ചർച്ച ആവശ്യപ്പെട്ടായിരുന്നു പാര്‍ട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയുടെ ഉദ്ഘാടന പ്രസംഗം. സംസ്ഥാന നേതൃത്വത്തിൻ്റെ നയങ്ങളോടുള്ള അഭിപ്രായ വ്യത്യാസങ്ങൾ രാഷ്ട്രീയ സംഘടനാ റിപ്പോർട്ടുകളിൽ മേലുള്ള ചർച്ചയിൽ പ്രതിഫലിക്കും.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിനൊരുങ്ങുന്ന കാനം രാജേന്ദ്രന് മത്സരം നേരിടേണ്ടി വരുമോ എന്നാണ് എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പ്രായപരിധി തീരുമാനത്തിലെ കേന്ദ്ര നിലപാടും സമ്മേളന ഗതി നിയന്ത്രിക്കും.