ദമ്പതികളെ ശശിധരൻ കൊലപ്പെടുത്താൻ ശ്രമിച്ചത് മക്കൾ നഷ്ടപ്പെട്ടതിന്റെ പ്രതികാരമായി; തീ കൊളുത്തിയത് തലയിൽ ചുറ്റികകൊണ്ട് അടിച്ച ശേഷം
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിന് കാരണമായത് പ്രതി പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർക്ക് മൂന്ന് പതിറ്റാണ്ടോളമായി ഇവരോടുണ്ടായിരുന്ന പക. പ്രഭാകരൻ നായർ ശശിധരന്റെ മകനെ 29 വർഷം മുൻപ് ഗൾഫിൽ ജോലിയ്ക്കായി കൊണ്ടുപോയിരുന്നു. എന്നാൽ വൈകാതെ ശശിധരന്റെ മകൻ ആത്മഹത്യ ചെയ്തു. ഇതിനെ ചൊല്ലി ഇരുകുടുംബങ്ങളും തമ്മിൽ പിന്നീട് നിരവധി തവണ തർക്കമുണ്ടായി.സഹോദരൻ മരിച്ച വിഷമത്തിൽ ശശിധരന്റെ മകളും പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ ശശിധരൻ നായർക്ക് പ്രഭാകരൻ നായരോടുളള പ്രതികാരം ഇരട്ടിച്ചു. പ്രശ്നം വഷളായതോടെ പ്രഭാകരൻ നായർ മടവൂരിലേക്ക് താമസം മാറ്റിയിരുന്നു. ഇന്നലെ ശശിധരന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രഭാകരൻ നായരെ കോടതി വെറുതെ വിട്ടിരുന്നു. ഇതോടെയാണ് മടവൂരിൽ വീട്ടിലെത്തി പ്രതി ക്രൂരകൃത്യം നടത്തിയത്. ആക്രമണത്തിൽ പ്രഭാകരൻ നായർ മരിച്ചു. ഭാര്യ വിമലകുമാരി ഗുരുതര പരിക്കോടെ ചികിത്സയിലാണ്.പെട്രോളൊഴിച്ച് തീ കൊളുത്തുന്നതിനിടെ ശശിധരൻ നായർക്കും പൊളളലേറ്റിരുന്നു. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് 11 മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ചുറ്റിക കൊണ്ട് ഇരുവരുടെയും തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് ശശിധരൻ തീ കൊളുത്തിയത്.