അന്വേഷിക്കുന്നവരോടെല്ലാം മുത്തശി ഉറക്കമാണെന്ന് മറുപടി; ഒടുവിൽ കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത് ഇങ്ങനെ
റിയാദ്: സൗദിയിൽ വൃദ്ധയുടെ മൃതദേഹം ചെറുമകന്റെ വീട്ടിലെ ഫ്രിഡ്ജിൽ നിന്നും കണ്ടെത്തി. മക്ക പ്രവിശ്യയുടെ ഭാഗമായുള്ള റാബിഗ് ഗവർണറേറ്റിലാണ് സംഭവം. എഴുപതുകാരിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച 41കാരനായ ചെറുമകനെ പൊലീസ് അറസ്റ്റ് ചെയ്തു.മുത്തശിയും ചെറുമകനും ഒന്നിച്ചായിരുന്നു താമസം. ബന്ധുക്കൾ മുത്തശിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം ചെറുമകനാണ് ഫോണെടുത്തിരുന്നത്. മുത്തശി ഉറങ്ങുകയാണ് എന്നാണ് ഇയാൾ അവരോടെല്ലാം പറഞ്ഞിരുന്നത്. എന്നാൽ പല തവണ ഇത് ആവർത്തിച്ചതോടെ സംശയം തോന്നിയ ബന്ധുക്കളിൽ ഒരാൾ ഇവരെ അന്വേഷിച്ച് വീട്ടിലെത്തി. വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ പൊലീസിനെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ യുവാവ് വീടിനുള്ളിലുണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിൽ നിന്നും മുത്തശിയുടെ മൃതദേഹം കണ്ടെത്തിയത്. മാനസിക നില തകർന്ന അവസ്ഥയിലായിരുന്നു യുവാവിനെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.