കോട്ടയത്ത് ദൃശ്യം മോഡൽ കൊലപാതകം? യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് സംശയം, വീടിന്റെ തറ തുരന്ന് പരിശോധിക്കാനൊരുങ്ങി പൊലീസ്
കോട്ടയം: ചങ്ങനാശ്ശേരിയിൽ യുവാവിനെ കൊന്ന് വീടിനകത്ത് കുഴിച്ചിട്ടെന്ന് സംശയം. കാണാതായ ആലപ്പുഴ സ്വദേശി ബിന്ദുകുമാർ കൊല്ലപ്പെട്ടെന്നാണ് സംശയിക്കുന്നത്. ഇയാളുടെ സഹോദരീ ഭർത്താവിന്റെ വീടിന്റെ തറ തുരന്ന് പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.നാൽപ്പതുകാരനായ ബിന്ദുകുമാറിനെ ദിവസങ്ങൾക്ക് മുമ്പാണ് കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ അന്വേഷണം നടക്കുന്നതിനിടെ ഒരു തോട്ടിൽ നിന്ന് ഇയാളുടെ ബൈക്ക് കിട്ടി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിന്ദുകുമാറിനെ സഹോദരീ ഭർത്താവ് കൊലപ്പെടുത്തിയതാകാമെന്ന സൂചന പൊലീസിന് ലഭിച്ചു. മൃതദേഹം അയാളുടെ വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടിട്ടുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. ചങ്ങനാശ്ശേരി തഹസിൽദാറുടെ സാന്നിദ്ധ്യത്തിലായിരിക്കും തറ തുരന്ന് പരിശോധന നടത്തുക.