“രാത്രി പത്ത് മണിയായി നിയമങ്ങൾ പാലിക്കണമെന്ന് മനസുപറയുന്നു”, റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി; മടങ്ങിയത് ജനങ്ങൾക്ക് ഒരു വാഗ്ദ്ധാനം നൽകിയ ശേഷം
ജയ്പൂർ: രാജസ്ഥാനിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചഭാഷിണി നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അതിനാൽ കൂടുതൽ സംസാരിക്കുന്നില്ലെന്നും ക്ഷമാപണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. സിരോഹിയിലെ അബു റോഡ് മേഖലയിൽ നടന്ന റാലിയെയായിരുന്നു മോദി അഭിസംബോധന ചെയേണ്ടിയിരുന്നത്.’ഞാൻ എത്താൻ വൈകി. രാത്രി 10 മണിയായി. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതാണ് ഉചിതമെന്ന് മനസ് പറയുന്നു. അതിനാൽ, നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്നാൽ ഞാൻ ഇവിടെ വീണ്ടും വരുമെന്നും നിങ്ങൾ എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും പലിശ സഹിതം തിരികെ നൽകുമെന്നും നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു.’- അദ്ദേഹം പറഞ്ഞു.ഉച്ചഭാഷിണി ഉപയോഗിക്കാതെയായിരുന്നു പ്രധാനമന്ത്രി ജനങ്ങളോട് സംസാരിച്ചത്. തുടർന്ന് പ്രധാനമന്ത്രി ‘ഭാരത് മാതാ കി ജയ്’ മുദ്രാവാക്യം വിളിച്ചു. ജനങ്ങൾ അത് ഏറ്റുചൊല്ലി. സംസ്ഥാനത്തെത്തിയ മോദിയെ സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സതീഷ് പൂനിയ, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ, ഡെപ്യൂട്ടി രാജേന്ദ്ര റാത്തോഡ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം, അടിയന്തര യോഗങ്ങൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലല്ലാതെ രാത്രി പത്ത് മുതൽ ആറ് വരെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നാണ് നിയമം.