കാഞ്ഞങ്ങാട്:ഏറെ പ്രതീക്ഷകള്‍ നല്കി കാഞ്ഞങ്ങാട് നഗരവാസികളെ വികസന സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ച പദ്ധതിയായിരുന്നു അലാമിപ്പള്ളി നഗരസഭാ ബസ്റ്റാന്റ് എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും വാഗ്ദാനങ്ങള്‍ വെറും ജലരേഖയായി മാറുകയാണ്.ബസ്റ്റാന്റിനകത്ത് നൂറുകണക്കിന് കടമുറികള്‍ പണിതിട്ടതെല്ലാതെ ഒന്നില്‍ പോലും ഒരു മുറുക്കാന്‍ കടപോലും തുറക്കാന്‍ പോലും നഗരസഭയ്ക്കായിട്ടില്ല.പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം സാക്ഷാത്കരിച്ച ബസ്റ്റാന്റ് ഉദ്ഘാടനം പേരിനുമാത്രമായി ചുരുങ്ങിയിരിക്കുകയാണ്.ബസുകള്‍ കയറിയിറങ്ങുന്നതെല്ലാതെ അതുപോലും യഥാവിധിനിയന്ത്രിക്കാന് നഗരസഭാ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.പൊരിവെയിലത്ത് യാത്രക്കാര്‍ ബസ്കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഇപ്പോഴും.ബസ് ബേ തീര്‍ത്തിട്ടുണ്ടെങ്കിലും ബസുകളൊന്നും അതിനകത്ത് കയറുന്നതേയില്ല.സമയം കളയാന്‍ റോഡരികില്‍ പാര് ക്ക് ചെയ്തിരുന്ന ചുരുക്കം ചില ബസുകള്‍ മാത്രമാണ് ബസ് ബേയില്‍ ഇപ്പോള്‍ പാര്‍ക്ക് ചെയ്യുന്നത്.ചില ദീര്‍ഘദൂര ബസുകള്‍ ബസ്റ്റാന്റിനകത്ത് കയറാതെയാണ് കടന്നുപോകുന്നത്.രാത്ര 7 മണിക്ക് ശേഷം അപൂര്‍വ്വം ചില ബസുകള്‍ മാത്രമാണ് .ബസ്റ്റാന്റിനകത്ത് കയറുന്നത്.കോടികള്‍ കടമെടുത്ത് പണിതിട്ട കടമുറികള്‍ വര്‍ഷങ്ങളായി വെറുതെ കിടക്കുകയാണ്.യുഡിഎഫ് ഭരണക്കാലത്ത് കടമുറികള്‍ ലേലംചെയ്ത് നല്‍കിയിരുന്നെങ്കിലും ഇത് ക്രമക്കേടാരോപിച്ച് ഇപ്പോഴത്തെ നഗരസഭാ ഭരണാധികാരികള്‍ റദ്ദ് ചെയുകയായിരുന്നു.തുടര്‍ന്ന് പലരും കോടതിയെ സമീപിച്ചതോടെ കടമുറികളുടെ ലേലം നീണ്ടുപോവുകായായിരുന്നു.ഇപ്പോള്‍ ലേല വ്യവസ്ഥകളുടെ ബൈലോ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് നല്‍കിയിട്ടുണ്ടെന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്.ഈ നടപടി മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും തുടര്‍ന്ന് കടമുറികളുടെ ലേലം നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.തദ്ദേശസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പുകള്‍ അടുത്തുനില്‍ക്കെ ആറുമാസത്തിനുള്ളില്‍ നടപടികള്‍ പൂര് ത്തിയാക്കിയില്ലെങ്കില് ഈ ഭരണസമിതിയുടെ കാലത്ത് കടമുറികള്‍
തുറന്നുനല്‍കാന്‍ കഴിയാത്ത അവസ്ഥ വരും. കടമുറികളുടെ ലേലം നീണ്ടുപോകുന്നതു കാരണം നഗരസഭയ്ക്ക് കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.വികസനം വിരല്‍ തുമ്പിലാണെന്ന് പ്രഘോഷിക്കുന്ന ചെയര്‍മാനും ഈ നഷ്ടകണക്ക് ഗൗനിക്കുന്നതേയില്ല.എന്നാല്‍ കടമുറികളുടെ ലേലം നീട്ടികൊണ്ടുപോകുന്നത് മറ്റു
ചില ഉദ്ദേശങ്ങളോടെയാണെന്നും ആരോപണമുയരുന്നുണ്ട്.