മൂന്ന് വർഷമായി ബ്രിട്ടനിൽ പറന്നത് 40,000 ഗോസ്റ്റ് ഫ്ളൈറ്റുകൾ, കാരണം വെളിപ്പെടുത്താതെ വിമാനക്കമ്പനികൾ
ലണ്ടൻ : ഗോസ്റ്റ് ഫ്ളൈറ്റുകൾ അഥവാ ശൂന്യമായ യാത്രക്കാരുമായി പറക്കുന്ന വിമാനങ്ങളുടെ എണ്ണം ബ്രിട്ടനിൽ ഗണ്യമായി ഉയരുന്നതായി റിപ്പോർട്ട്. 2019ലുള്ള കണക്കെടുത്താൽ ഒരു യാത്രക്കാരൻ പോലും ഇല്ലാത്ത അയ്യായിരം വാണിജ്യ വിമാനങ്ങൾ ബ്രിട്ടനിലേക്കോ, അവിടെ നിന്നും പുറത്തേയ്ക്കോ പറന്നിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൊത്തം സീറ്റിന്റെ പത്ത് ശതമാനത്തിൽ കുറച്ച് ആളുകളുമായി ഇക്കാലയളവിൽ 35000 വാണിജ്യ വിമാനങ്ങളും സഞ്ചരിച്ചു. സിവിൽ ഏവിയേഷൻ അതോറിട്ടിയുടെ (സിഎഎ) പഠനത്തിലാണ് ഇക്കാര്യമുള്ളത്.കൊവിഡ് വ്യാപന കാലത്താണ് ഗോസ്റ്റ് വിമാനങ്ങൾ ഏറെയും റിപ്പോർട്ട് ചെയ്തത്. ഇക്കാലയളവിൽ ല്യൂട്ടൺ വിമാനത്താവളത്തിൽ നിന്ന് പോളണ്ടിലേക്ക് 62 ശൂന്യമായ വിമാനങ്ങൾ പുറപ്പെട്ടു. അതേസമയം യുഎസിലേക്കും തിരിച്ചുമുള്ള 663 വിമാനങ്ങളാണ് ഒരു യാത്രക്കാരൻ പോലും ഇല്ലാതെ ഹീത്രൂ വിമാനത്താളത്തിൽ നിന്നും യാത്ര നടത്തിയത്. ഗോസ്റ്റ് ഫ്ളൈറ്റ് എന്ന വിശേഷണമുള്ള ഈ ആളില്ലാ വിമാനയാത്രയുടെ കാരണത്തെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. കൊവിഡ് കാലത്ത് ആളുകളെ ഒഴിപ്പിച്ചു കൊണ്ടുവരുന്നതിനും മറ്റുമായി പ്രവർത്തിച്ചു എന്ന് കരുതാമെങ്കിലും ഇപ്പോഴും ഇത്തരത്തിൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശരിക്കും ഇതിന്റെ പിന്നിലെ കാരണങ്ങൾ വിമാന കമ്പനികൾക്ക് മാത്രമേ നൽകാൻ കഴിയു.