കഞ്ചാവിൽ നിന്നുള്ള മരുന്നുകൾ നിയമ വിധേയമാക്കാൻ ജപ്പാൻ
ടോക്യോ : മയക്കുമരുന്ന് കൈവശം വയ്ക്കുന്നതടക്കമുള്ള കുറ്റങ്ങൾക്ക് ശക്തമായ ശിക്ഷ നിലനിൽക്കുന്ന ജപ്പാൻ കഞ്ചാവ് അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ നിയമ വിധേയമാക്കുന്നതായി റിപ്പോർട്ടുകൾ. കഞ്ചാവ് അധിഷ്ഠിത മരുന്നുകളുടെ ഉപയോഗം അനുവദിക്കാമെന്ന് ആരോഗ്യ മന്ത്രാലയ പാനൽ സർക്കാരിനോട് നിർദ്ദേശിച്ചു. അതേസമയം മെഡിക്കൽ ആവശ്യത്തിന് ഒഴികെയുള്ള കഞ്ചാവിന്റെ ഉപയോഗം പഴയതു പോലെ തടയും. അടുത്തിടെ തായ്ലൻഡിൽ ടൂറിസം മേഖലയിൽ കഞ്ചാവ് പരസ്യമായി ഉപയോഗിക്കാൻ അനുവാദം നൽകിയിരുന്നു.ഗുരുതരമായ അപസ്മാരം പോലുള്ള രോഗങ്ങൾക്ക് ചികിത്സിക്കാൻ പല രാജ്യങ്ങളിലും കഞ്ചാവിൽ നിന്നുള്ള മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. ഈ ചികിത്സാ രീതികൾ ഫലപ്രദമാണെന്ന് കണ്ടെത്തിയാണ് ജപ്പാൻ ഈ വഴിക്ക് നീങ്ങുന്നത്.
കഞ്ചാവിൽ നിന്നുള്ള ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച മരുന്നുകളുടെ ഇറക്കുമതിയും ഉൽപ്പാദനവും അനുവദിക്കുന്നതിന് സർക്കാർ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് മുൻപാകെ വിദഗ്ദ്ധ സമിതി വ്യാഴാഴ്ച നിർദ്ദേശിച്ചിരിക്കുന്നത്.കഞ്ചാവിലെ ലഹരിയില്ലാത്ത ഘടകമായ കന്നാബിഡിയോൾ (സിബിഡി) അടങ്ങിയ ഉൽപ്പന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ജപ്പാനിൽ കഞ്ചാവടക്കമുള്ള മയക്കുമരുന്നുകളോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ് പൊതുവെ ഭരണകൂടം സ്വീകരിച്ചിരുന്നത്.