പൂച്ചയെ കൊല്ലാൻ പോകുകയാണെന്ന് തെറ്റിദ്ധരിച്ചു; നാൽപ്പതുകാരനെ യുവതി വാഹനം കയറ്റിക്കൊന്നു
കാലിഫോർണിയ: പൂച്ചയെ രക്ഷിക്കാൻ നാൽപ്പതുകാരനെ വാഹനം കയറ്റിക്കൊന്ന യുവതി അറസ്റ്റിൽ. ലൂയിസ് ആന്റണി വിക്ടർ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇരുപതുകാരിയായ ഹന്നയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
ഈ മാസം 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൂയിസ് പൂച്ചയെ കൊല്ലാൻ പോകുകയാണെന്ന് പ്രതി തെറ്റിദ്ധരിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഹന്ന വാഹനത്തിൽ നിന്ന് ഇറങ്ങുമ്പോഴാണ് ലൂയിസിനെയും പൂച്ചയേയും കണ്ടത്.തുടർന്ന് ഇയാൾ പൂച്ചയെ കൊല്ലാൻ നോക്കുകയാണെന്ന് ഹന്ന ഉറക്കെ വിളിച്ചുപറഞ്ഞു. ലൂയിസ് എന്തോ പറയാൻ ശ്രമിക്കുന്നതിനിടയിൽ, അത് കേൾക്കാതെ തിരികെ വണ്ടിയിൽ കയറിയ പ്രതി വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ലൂയിസിന്റെ മുകളിൽ വണ്ടി കയറ്റുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ ലൂയിസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് കുറഞ്ഞത് ഇരുപത്തിയഞ്ച് വർഷമെങ്കിലും തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.