ബിജെപിയുമായി ചേർന്ന് സച്ചിൻ പൈലറ്റ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു, വൈകാതെ പാർട്ടി വിടുമെന്ന് ഗെലോട്ട്
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന കത്തുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പി സി സി അദ്ധ്യക്ഷനായിരിക്കെ തന്റെ സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റ് ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ദിവസം ഈ കത്തുമായാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ഗെലോട്ട് സന്ദർശിച്ചത്.പി സി സി അദ്ധ്യക്ഷനായിരിക്കെ ബിജെപിയുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു. ഇതിനായി പത്ത് കോടി രൂപ മുതൽ അൻപത് കോടി രൂപവരെ കോൺഗ്രസ് എം എൽ എമാർക്ക് ബിജെപി വാഗ്ദ്ധാനം ചെയ്തു. സച്ചിൻ പൈലറ്റ് വൈകാതെ പാർട്ടി വിടുമെന്നും അദ്ദേഹത്തിന്റെയൊപ്പം ഉള്ളത് പതിനെട്ട് എം എൽ എമാർ മാത്രമാണെന്നും കത്തിൽ പറയുന്നു.അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷ പദവിലേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി മത്സരം മുറുകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. തുടക്കത്തിൽ ഗെലോട്ടിന്റെ പേരാണ് ഉയർന്നുവന്നതെങ്കിലും പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ എല്ലാം മാറ്റിമറിക്കുകയായിരുന്നു. തുടർന്ന് മത്സരത്തിനില്ലെന്ന് ഗെലോട്ട് അറിയിക്കുകയും ചെയ്തു. സോണിയാ ഗാന്ധിയെ സന്ദർശിച്ച ശേഷമായിരുന്നു ഗെലോട്ട് തീരുമാനം വ്യക്തമാക്കിയത്. തന്നെ പിന്തുണയ്ക്കുന്ന എം എൽ എമാർ ഹൈക്കമാൻഡിനെ വെല്ലുവിളിക്കുകയും കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തതിന്റെ പേരിൽ ഗെലോട്ട് സോണിയയോട് മാപ്പുപറയുകയും ചെയ്തിരുന്നു.