ജാഗ്രത..
ലഹരിയെ തടയും വനിതകളുടെ മിന്നല്‍സേനയുമായി വലിയപറമ്പ ഗ്രാമപഞ്ചായത്ത്
വലിയപറമ്പ:മദ്യവും മയക്കുമരുന്നും നാടിന്റെ സമാധാനം കെടുത്തുന്ന ഈ കാലത്ത് ലഹരിക്കെതിരെ വനിതാ മിന്നല്‍സേനയുമായി വലിയപറമ്പ ഗ്രാമപഞ്ചായത്ത്. പരസ്യ മദ്യപാനം, അനധികൃത മദ്യവില്‍പ്പന, മയക്കുമരുന്ന് വില്‍പ്പന എന്നിവയ്ക്കെതിരായ വനിതകളുടെ കൂട്ടായ്മ രൂപീകരിച്ചാണ് വലിയപറമ്പ ഗ്രാമപഞ്ചായത്ത് മാതൃകയാകുന്നത്. അമിത മദ്യപാനവും ലഹരി ഉപയോഗവും ദുരിതമായി മാറിയതോടെയാണ് പഞ്ചായത്തിലെ സ്ത്രീകളെ സംഘടിപ്പിച്ച് മിന്നല്‍ സേന രൂപീകരിക്കുന്നതിലേക്ക് പഞ്ചായത്തിനെ നയിച്ചത്. വലിയപറമ്പ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ വനിതാ മിന്നല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
അനധികൃത മദ്യവില്പന, കഞ്ചാവ് , എംഡിഎംഎ പോലുള്ള ലഹരിവസ്തുകള്‍ എന്നിവ പഞ്ചായത്തിലേക്ക് എത്തുന്നത് തടയാന്‍ മിന്നല്‍ സേനയുടെ പ്രവര്‍ത്തനം മുതല്‍കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. തീരദേശ മേഖലയായ വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ പരസ്യമദ്യപാനവും, അനധികൃത മദ്യവില്‍പ്പനയും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടിയാണ് പഞ്ചായത്തിന്റെ ഈ മാതൃകാ നടപടി. ലഹരിക്കെതിരായി സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്ന ചരിത്രപരമായ നടപടിയാണ് മിന്നല്‍ സേനയിലൂടെ വലിയപറമ്പ ഗ്രാമപഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്നത്.്
ഗ്രാമപഞ്ചായത്ത്, ചന്തേര പോലീസ്, എക്സൈസ്, കുടുംബശ്രീ ജെആര്‍സി എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും മിന്നല്‍ സേന രൂപീകരിക്കും. ഓരോ വാര്‍ഡില്‍ നിന്നും സന്നദ്ധരായ 30 വനിതകളെ ഉള്‍ക്കൊള്ളിച്ചാണ് സേന രൂപീകരിക്കുന്നത്. അതാത് വാര്‍ഡ് മെമ്പര്‍ക്കും കുടുംബശ്രീക്കുമാണ് മിന്നല്‍ സേനാംങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല. നിലവില്‍ പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളില്‍ മിന്നല്‍ സേന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഏതു സമയത്തും സ്വയം സന്നദ്ധരായി അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തേക്ക് മിന്നല്‍ സേന എത്തും. ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തുകയും തടയുന്നതിനുമുള്ള നടപടികളും സ്വീകരിക്കും. ഒപ്പം പോലീസിനും എക്സൈസിനും വിവരം കൈമാറുകയും ചെയ്യും.
വനിതാ മിന്നല്‍ സേനാ രൂപീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ശ്യാമള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ. മനോഹരന്, ഖാദര്‍ പാണ്ഡ്യല, ഇ.കെ. മല്ലിക, എം.അബ്ദുള്‍ സലാം, എം.പി. വിനോദ് കുമാര്‍, കുടുംബശ്രി ജില്ലാ മിഷന് കോഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്, ചന്തേര ഇന്‍സ്പെക്ടര്‍ പി.നാരായണന്, എക്സൈസ് എസ്ഐ കെ.ആര്.കലേഷ് , എന്നിവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഇ.കെ.ബിന്ദു സ്വാഗതവും ജിആര്‍സി കൗണ്‍സിലര്‍ സി.രജിത നന്ദിയും പറഞ്ഞു