നിങ്ങളെ കോടീശ്വരന്മാരാക്കാം… എട്ടാംക്ലാസ് വരെ പഠിച്ച രാജേഷ് മലാക്കയുടെ കെണിയിൽ ആളുകൾ വീണത് പത്ത് മാസം കൊണ്ട് പണം ഇരട്ടിക്കുമെന്ന വാഗ്ദ്ധാനത്തിൽ
വടക്കാഞ്ചേരി: നിങ്ങളെ കോടീശ്വരന്മാരാക്കാം… ഇതിനോടകം ഇരുന്നൂറ് കോടീശ്വരന്മാരെ സൃഷ്ടിച്ചു എന്നെല്ലാം പരസ്യവാഗ്ദാനം നൽകിയാണ് ഫ്യൂച്ചർ ട്രേഡ് ലിങ്ക് ഉടമ രാജേഷ് ആളുകളെ തട്ടിച്ചത്. നിരവധി പേർ, എട്ടാംക്ലാസ് വരെ പഠിച്ച രാജേഷ് മലാക്കയുടെ കെണിയിൽ വീണു. പത്ത് മാസം കൊണ്ട് പണം ഇരട്ടിക്കുമെന്ന് കേട്ട് കടംവാങ്ങി വരെ ആളുകൾ നിക്ഷേപം നടത്തി. ക്രിപ്റ്റോ കറൻസി ഇടപാട്, ക്രൂഡോയിൽ ബിസിനസ് തുടങ്ങി സാധാരണക്കാർക്ക് മനസിലാകാത്ത പേര് പറഞ്ഞായിരുന്നു നിക്ഷേപം.തൃശൂർ മലാക്കയിൽ കൊട്ടാരസമാനമായ വീടും കുതിരകളും നൂറുകണക്കിന് പശുക്കളുള്ള ഫാം ഹൗസുമെല്ലാമുള്ള രാജേഷ് വളരെ പെട്ടെന്നാണ് കോടീശ്വരനായത്.മലാക്ക രാജയെന്ന പേരിലാണ് അറിയപ്പെട്ടത്. വാഹനങ്ങളിൽ എല്ലാം മലാക്ക രാജ എന്നെഴുതിയായിരുന്നു സഞ്ചാരം. കോയമ്പത്തൂരിൽ ബംഗ്ലാവിൽ കഴിയുമ്പോൾ പ്രതിമാസം നാൽപതിനായിരം രൂപയാണ് വാടക നൽകിയത്. അംഗരക്ഷകരുടെ അകമ്പടിയോടെ സിനിമാ സ്റ്റൈലിൽ രാജാവായി വിലസിയ രാജേഷിന് പൂട്ടിട്ടത് സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യയാണ്.തമിഴ്നാട് പൊലീസിന്റെ സഹകരണവും ലഭിച്ചു. തൃശൂർ ഈസ്റ്റ് പൊലീസ് സംഘത്തെ കോയമ്പത്തൂരിലേക്ക് അയച്ചായിരുന്നു പൊലീസ് നീക്കം. അംഗരക്ഷകരെ തമിഴ്നാട്, കേരള പൊലീസുകാർ സംയുക്തമായി വിരട്ടി ഓടിച്ചാണ് വീട്ടിൽ കയറി രാജേഷ് മലാക്കയെ പിടിച്ചത്. ആറ് മാസമായി രാജേഷിനെ പൊലീസ് തെരയുകയായിരുന്നു. നേരത്തെയും സമാനമായ തട്ടിപ്പുക്കേസുകളിൽ പ്രതിയാണ്. തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരിക്കടുത്ത് തെക്കുംകര പഞ്ചായത്തിലാണ് മലാക്ക. അൻപതിനായിരം രൂപ നിക്ഷേപിച്ചാൽ രണ്ടായിരം രൂപ വരെ പ്രതിദിനം കിട്ടുമെന്ന് വിശ്വസിപ്പിച്ചു. മൈ ക്ലബ് ട്രേഡിംഗ്, ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നീ പേരുകളിലായിരുന്നു പണം നിക്ഷേപിച്ചത്.മണിചെയിൻ തട്ടിപ്പുകളെ എങ്ങനെ തിരിച്ചറിയാം ?തൃശൂർ: മൾട്ടിലെവൽ മാർക്കറ്റിംഗ്, ചെയിൻ മാർക്കറ്റിംഗ്, പിരമിഡ് സ്ട്രക്ചർ എന്നീ പേരുകളിൽ അറിയപ്പെടുന്ന കമ്പനികൾ അവരുടെ സ്കീമുകളിൽ ചേരുന്നവർക്ക് എളുപ്പത്തിലും വേഗത്തിലും പണം സമ്പാദിക്കാമെന്ന വാഗ്ദാനമാണ് ആദ്യം നൽകുക. ചേരുന്നവർക്ക് ലഭിക്കുന്ന വരുമാനം പ്രധാനമായും അവർക്ക് കീഴിൽ കൂടുതൽ അംഗങ്ങളാകുമ്പോഴാണ് ലഭിക്കുന്നത്.
കീഴിൽ കൂടുതൽ അംഗങ്ങളെ ചേർക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടാകും. പുതുതായി ആളുകൾ ചേരുമ്പോൾ കൂടുതൽ വരുമാനമുണ്ടാകുന്നത് പോലെ, ആളുകൾ ചേരാതിരിക്കുമ്പോൾ വരുമാനം കുറയാനും സാദ്ധ്യതയുണ്ട്. മണിചെയിൻ തട്ടിപ്പുകളെക്കുറിച്ച് പൊലീസ് ഫേസ്ബുക്ക് പേജിലും മറ്റ് സാമൂഹ്യമാദ്ധ്യമങ്ങളിലും നിരന്തരം ബോധവത്കരണ സന്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും തട്ടിപ്പ് നാൾക്കുനാൾ കൂടുകയാണെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. തട്ടിപ്പിനിരയായാലും നാണക്കേട് ഓർത്ത് പരാതി പറയുന്നവരും കുറവ്. ഇതാണ് തട്ടിപ്പുകാർക്ക് വളമാകുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.ശ്രദ്ധിക്കാൻ1978ലെ പ്രൈസ് ചിറ്റ് ആൻഡ് മണി സർക്കുലേഷൻ നിരോധന നിയമ പ്രകാരം മൾട്ടിലെവൽ മാർക്കറ്റിംഗ് സ്ഥാപനങ്ങൾ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം സ്വീകരിക്കുന്നത് ശിക്ഷാർഹമായ കുറ്റം.
കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം.
മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്തുള്ള മൾട്ടി ലെവൽ മാർക്കറ്റിംഗുകളിൽ ജാഗ്രത പുലർത്തുക