എ കെ ജി സെന്റർ ആക്രമണം; പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി, വാഹനം യൂത്ത് കോൺഗ്രസ് നേതാവിന്റെ ഡ്രൈവറുടേത്
തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണക്കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ സഞ്ചരിച്ച ഡിയോ സ്കൂട്ടർ ക്രൈം ബ്രാഞ്ച് കണ്ടെത്തി. കഠിനംകുളത്ത് നിന്നാണ് സ്കൂട്ടർ കസ്റ്റഡിയിലെടുത്തത്.
കഴക്കൂട്ടം സ്വദേശി സുധീഷിന്റേതാണ് സ്കൂട്ടർ. അതേസമയം, കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ ഒളിവിലാണ്. സുഹൈലിന്റെ ഡ്രെവറാണ് സുധീഷ്. ഇയാളുടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് സ്കൂട്ടർ ലഭിച്ചത്.യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിൻ. ഇയാളാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്താൻ സഹായകമായത് സംഭവ സമയത്തെ ദൃശ്യങ്ങളിൽ കണ്ട കാറും ടീഷർട്ടുമായിരുന്നു. ആക്രമണശേഷം സ്കൂട്ടർ കാറിന്റെ സമീപത്ത് നിർത്തിയതായി കണ്ടെത്തിയിരുന്നു. കാർ ജിതിന്റേതാണെന്ന് തെളിഞ്ഞതാണ് കേസിൽ നിർണായകമായത്.ജൂൺ 30ന് രാത്രി 11.45ഓടെയാണ് സ്കൂട്ടറിൽ എത്തിയ പ്രതി എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ശബ്ദം കേട്ട് പ്രധാന ഗേറ്റിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കിൽ രക്ഷപ്പെട്ടു. കഴിഞ്ഞാഴ്ചയാണ് ജിതിൻ പിടിയിലായത്.