തേരാപ്പാര നടത്തിച്ച ശേഷം, കാര്യം കാണാൻ കാശ് ചോദിക്കും! 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കൊന്നത്തടി വില്ലേജ് ഓഫീസർ പ്രമോദ് കുമാറിനെ പൊക്കി വിജിലൻസ്
അടിമാലി: ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായി. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസർ തിരുവനന്തപുരം നേമം പറവ ചേമ്പളം കോൺവെന്റ് റോഡ് ശോഭ നിവാസിൽ കെ. ആർ .പ്രമോദ് കുമാറിനെയാണ് വിജിലൻസ് കോട്ടയം മേഖല എസ്.പി.വി.ജി.വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം തൊടുപുഴ വിജിലൻസ് ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് കൊന്നത്തടി കാക്കാ സിറ്റി കണിച്ചാട്ട് നിസാറിൽ നിന്ന് വില്ലേജാഫീസർ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് അറസ്റ്റ്. സ്വയം തൊഴിൽ ലോൺ എടുക്കുന്നതിനായി ബാങ്കിൽഹാജരാക്കേണ്ട ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിനു വേണ്ടി പരാതിക്കാരൻ നിരവധി തവണ വില്ലേജോഫീസ് കയറിയിറങ്ങിയെങ്കിലും ഓഫീസർ സർട്ടിഫിക്കറ്റ് നൽകിയില്ല.രണ്ടു ദിവസം മുമ്പ് ഓഫീസർ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 500 രൂപ അഡ്വാൻസായി നൽകി. ബാക്കി തുക ഇന്നലെ വില്ലേജോഫീസിൽ വെച്ച് കൈമാറുന്നതിനിടെയാണ് വില്ലേജ് ഓഫീസർ പിടിയിലായത്. വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസിന് പുറമേ സി.ഐമാരായ ടിപ്സൻ തോമസ്, മഹേഷ് പിള്ള, രമേഷ് ജി,എസ്.ഐമാരായ ഷാജി, സുരേഷ് കുമാർ ബി, കെ എൻ സുരേഷ് എ.എസ്.ഐമാരായ സഞ്ജയ്, ബേസിൽ, മുഹമ്മദ് ,ഷാജികുമാർ, ബിനോയ്, രഞ്ജിനി ടി.പി. എന്നിവർ പങ്കെടുത്തു